ലഡാക്ക് സമാധാനപരം, അഞ്ച് ജില്ലകളിൽ 2ജി പുനഃസ്ഥാപിച്ചു, കശ്മീർ നിയന്ത്രണത്തിൽ തന്നെ

Published : Aug 18, 2019, 10:07 AM IST
ലഡാക്ക് സമാധാനപരം, അഞ്ച് ജില്ലകളിൽ 2ജി പുനഃസ്ഥാപിച്ചു, കശ്മീർ നിയന്ത്രണത്തിൽ തന്നെ

Synopsis

''രാജ്യത്തെ ഏറ്റവും പുതിയ കേന്ദ്രഭരണപ്രദേശമായ ലഡാക്ക് ആദ്യ സ്വാതന്ത്ര്യദിനം ആഘോഷിച്ചു''വെന്ന് ബാനറുകൾ. ലഡാക്കിൽ സ്ഥിതി സമാധാനപരമാണ്. ഏഷ്യാനെറ്റ് ന്യൂസ് ജമ്മു കശ്മീരിൽ..

ലഡാക്ക്/കാർഗിൽ: അതീവസുരക്ഷയിലും കർശനനിരീക്ഷണത്തിലും തുടരുകയാണ് ജമ്മു കശ്മീർ. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിലും പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്രഭരണപ്രദേശമായ ലഡാക്കിലും കാർഗിലിലും ഏഷ്യാനെറ്റ് ന്യൂസ് സംഘം സഞ്ചരിച്ചു. മിക്ക മേഖലകളിലും ഇപ്പോഴും കർശനനിയന്ത്രണങ്ങൾ തുടരുകയാണെങ്കിലും ജമ്മു ഉൾപ്പടെ ചില മേഖലകളിൽ തൽക്കാലം 2 ജി സൗകര്യം പുനഃസ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. അതേസമയം, കശ്മീർ താഴ്‍വര ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളിലാണ്. അവിടെ തൽക്കാലം നിയന്ത്രണങ്ങൾ പതുക്കെ മാത്രമേ നീക്കൂ എന്നാണ് സൂചന. 

ജമ്മു മേഖലയിലെ അഞ്ച് ജില്ലകളിലാണ് ഇപ്പോൾ 2ജി സൗകര്യം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാദ് സിംഗ് ഇന്നലെ തെക്കൻ കശ്മീരിലെ ജില്ലകളായ പുൽവാമ, അനന്ത് നാഗ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ശ്രീനഗറിൽ നിന്ന് അനന്ത് നാഗ് വരെയുള്ള ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അദ്ദേഹം വിലയിരുത്തി. കശ്മീർ ഐജി എസ് പി പാണിയും സിആർപിഎഫ് ഐജി രാജേഷ് കുമാർ യാദവും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കൂടുതൽ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ നീക്കുമെന്ന് സന്ദർശനത്തിന് ശേഷം ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീനഗറിലെ സിവിൽ ലൈൻസ് മേഖലയിലെ ചില കടകൾ ഇന്നലെ തുറന്നിരുന്നു. എന്നാൽ പ്രധാനപ്പെട്ട ബിസിനസ് സ്ഥാപനങ്ങളും പെട്രോൾ പമ്പുകളും അടഞ്ഞുതന്നെ കിടക്കുകയാണ്. താഴ്‍വരയിലെ രാജ് ഭാഗ്, ജവഹർ നഗർ എന്നിവിടങ്ങളിലെ ചില മേഖലകളിൽ ലാൻഡ് ലൈനുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, വ്യാപാരകേന്ദ്രമായ ലാൽ ചൗക്ക്, പ്രസ് എൻക്ലേവ് എന്നിവിടങ്ങളിൽ ലാൻഡ് ലൈൻ സൗകര്യം പോലും ഇപ്പോഴും ലഭ്യമല്ല. 

സംസ്ഥാനത്തെ ആകെ 76 ടെലിഫോൺ എക്സ്ചേഞ്ചുകളിൽ 17 എണ്ണം വീണ്ടും പ്രവർത്തനം തുടങ്ങി. 23,000 ലാൻഡ് ലൈൻ കണക്ഷനുകളാണ് ഇപ്പോൾ വീണ്ടും പ്രവർത്തന ക്ഷമമാക്കിയിരിക്കുന്നത്. നാളെ മുതൽ ജമ്മു മേഖലയിലെ 190 സ്കൂളുകൾ തുറക്കും. 35 പൊലീസ് സ്റ്റേഷനുകൾക്ക് കീഴിലുള്ളവർക്ക് പുറത്തിറങ്ങുന്നതിനും സഞ്ചാരസ്വാതന്ത്ര്യത്തിനുമുള്ള നിയന്ത്രണങ്ങൾ നീക്കി.

ഇന്നലെ ശ്രീനഗറിൽ മുന്നൂറോളം ഹജ്ജ് തീർത്ഥാടകർ തിരികെയെത്തിയെന്ന് സൈന്യം അറിയിച്ചു. ഇവരെ വീടുകളിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. എന്തായാലും താഴ്‍വരയിൽ അതീവ സുരക്ഷയും നിരീക്ഷണവും ഇപ്പോഴും തുടരുകയാണ്. നേതാക്കൾ ഇപ്പോഴും വീട്ടു തടങ്കലിൽത്തന്നെയാണ്. ഇവരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു തീരുമാനങ്ങളുമുണ്ടായിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് സംഘം കാർഗിലിൽ

ലഡാക്കിനൊപ്പം കേന്ദ്രഭരണപ്രദേശത്തിൽ ഉൾപ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധങ്ങൾ നടന്ന കാർഗിലിൽ ഇപ്പോൾ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മാറുകയാണ്. കശ്മീരിനെപ്പോലെ എതിർപ്പ് പ്രകടമല്ലെങ്കിലും ഷിയാ ഭൂരിപക്ഷ പ്രദേശമായ ഇവിടെയും ആശങ്ക പ്രകടമാണ്. 

ഒരു സംസ്ഥാനത്ത് നിന്ന് വേർപെടുത്തി കേന്ദ്രഭരണപ്രദേശമുണ്ടാകുന്നത് ഇതാദ്യമാണ്. അതാണ് ലഡാക്കിൽ സംഭവിച്ചത്. ആ ലഡാക്കിൽ കാർഗിലിനെക്കൂടി ഉൾപ്പെടുത്തുകയാണ് ചെയ്തത്. ഇന്ത്യ - പാക് യുദ്ധം നടന്നത് കാർഗിലിന്‍റെ അതിർത്തിമേഖലയിലാണ്. 

കാർഗിലിലെ ജനങ്ങൾ പറയുന്നതെന്തെന്ന് കേൾക്കാം: വികസനമുണ്ടാകുമെന്ന വലിയ പ്രചാരണങ്ങൾ നടക്കുക മാത്രം ചെയ്യുന്നുവെന്ന് ചിലർ പറയുന്നു. ഗുജറാത്തിന്‍റെ ജിഡിപിയേക്കാൾ കൂടുതലല്ലേ ജമ്മു കശ്മീരിന്‍റെ ജിഡിപി വികസനമെന്ന് ചിലർ. ജീവിതനിലവാരവും മെച്ചപ്പെട്ടതാണ്. അതുകൊണ്ട് വികസനം വരാൻ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞേ പറ്റൂ എന്ന വ്യാജപ്രചാരണമുണ്ടാക്കുകയാണ് സർക്കാരെന്ന് ഒരു യുവാവ് പറയുന്നു.

അത്യാവശ്യങ്ങൾ പോലും നടക്കാത്ത സ്ഥിതിയാണെന്ന് മറ്റു ചിലർ. ലേയിലാണ് ഭരണത്തിന്‍റെ ആസ്ഥാനം വരികയെങ്കിൽ അത് ബുദ്ധിമുട്ടാകുമെന്ന് പലരും അഭിപ്രായപ്പെടുന്നു. കശ്മീരാണ് കാർഗിലിന് തൊട്ടടുത്തുള്ളത്. ലേയിലേക്ക് വലിയ ദൂരമുണ്ട്. അതുകൊണ്ട്, കശ്മീരുമായി കൂട്ടിച്ചേർക്കുകയാണ് വേണ്ടതെന്ന് ഏകാഭിപ്രായം.

ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് ശേഷം എടിഎമ്മുകളിൽ പണമില്ലെന്ന് മാത്രമല്ല, തൊഴിലുമില്ലെന്ന് പലരും പറയുന്നു. 

ടൂറിസ്റ്റ് കേന്ദ്രമായ ലേ സമാധാനപരം

ലഡാക്കിനടുത്തുള്ള ലേയിൽ സ്ഥിതികൾ സമാധാനപരമാണ്. പ്രത്യേക കേന്ദ്രഭരണപ്രദേശമായി ലഡാക്കിനെ മാറ്റിയതിനെ ജനങ്ങൾ പൊതുവേ സ്വാഗതം ചെയ്യുന്നു. ''ആദ്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ലഡാക്ക്'' എന്നെഴുതിയ ബാനറുകൾ പലയിടത്തുമുണ്ട്. 

ഇവിടെ രാത്രി 11 മണിവരെ കടകൾ തുറന്നു പ്രവർത്തിക്കുന്നത് കണ്ടു. വാഹനങ്ങൾ സ്വതന്ത്രമായി സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. 

"

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 8 ആനകൾ ചരിഞ്ഞു, 5 കോച്ചുകൾ പാളം തെറ്റി
തമിഴ്നാട്ടിലെ എസ്ഐആര്‍: ഒരു കോടിയോളം വോട്ടർമാരെ നീക്കി, ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ ,കരട് വോട്ടർ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും