
അഹമ്മദാബാദ്: നഗരങ്ങളില്‍ കന്നുകാലികള്‍ തെരുവില്‍ അലഞ്ഞ് തിരിയുന്നത് നിയന്ത്രിക്കാന്‍ (stray cattle) നിയമം പാസാക്കി ഗുജറാത്ത് നിയമസഭ (Gujarat Assembly). പൊതുവഴികളിലെ കന്നുകാലി ശല്യം ഒഴിവാക്കാനാണ് ആറുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ഗുജറാത്ത് നിയമസഭ പുതിയ നിയനത്തിന് അംഗീകാരം നല്‍കിയത്. പ്രതിപക്ഷം ഈ നിയമത്തെ എതിര്‍ത്ത് രംഗത്ത് എത്തി.
അനുവാദം ഇല്ലാതെ കന്നുകാലികളെ പട്ടണങ്ങളില്‍ അഴിച്ചുവിടുന്നത് ഒരു വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് പുതിയ നിയമപ്രകാരം. ഗോവധം ജീവപര്യന്തം തടവിനുള്ള കുറ്റമായി നേരത്തെ ഗുജറാത്തില്‍ നിയമമുണ്ട്.
സംസ്ഥാനത്തെ എട്ടു മുനിസിപ്പൽ കോർപ്പറേഷനുകളിലും 126 മുനിസിപ്പാലിറ്റികളിലും നിയമം ബാധകമാണ്. ഇവിടങ്ങളില്‍ കന്നുകാലികള്‍ വളര്‍ത്തുന്നവര്‍ ഇനി മുതല്‍ ലൈസന്‍സ് എടുക്കണം. ഇത് പ്രകാരം ഉള്ള തിരിച്ചറിയല്‍ കാര്‍ഡ് ഒരോ കന്നുകാലിയുടെയും കഴുത്തില്‍ ഇടണം.
ലൈസൻസില്ലാത്ത കാലികളെ കണ്ടുകെട്ടും. ഉടമയ്ക്ക് ഒരുവർഷംവരെ തടവും 50,000 രൂപ പിഴയും കിട്ടും. ലൈസൻസുള്ള കാലികളെ അഴിച്ചുവിട്ടാൽ 5000 രൂപ ആദ്യതവണയും 10,000 രൂപ രണ്ടാംതവണയും പിഴ വിധിക്കും.
കാലികളെ പിടികൂടുന്ന നഗരസഭാജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയാല്‍ അത് ഒരു വര്‍ഷം വരെ തടവ് കിട്ടാവുന്ന ശിക്ഷയാണ്. കാലിനിയന്ത്രിതമേഖലകൾ പ്രഖ്യാപിക്കാൻ നഗരസഭകൾക്ക് അധികാരമുണ്ട്. പശു, കാള, എരുമ, പോത്ത്, ആട്, കഴുത എന്നിവയൊക്കെ ഈ നിയമത്തിന്‍റെ കീഴില്‍പ്പെടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam