
ദില്ലി : തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടിയായി മുൻമന്ത്രി ജയ് നാരായൺ വ്യാസ് പാർട്ടി വിട്ടു. കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. ഗുജറാത്തിൽ നരേന്ദ്രമോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു ജയ് നാരായൺ വ്യാസ്. 2012 ന് ശേഷം പാർട്ടി നേതൃത്വവുമായി ഇടഞ്ഞു. ഇത്തവണയും സീറ്റില്ലെന്ന് ഉറപ്പായതോടെയാണ് രാജിയെന്നാണ് സൂചന. പാർട്ടി വിടുന്നതായുള്ള പ്രഖ്യാപനം നടത്തിയപ്പോഴും സംഘടനയ്ക്കകത്തെ വെട്ടിനിരത്തിലിനെക്കുറിച്ചാണ് ജയ് നാരായൺ തുറന്നടിച്ചത്. ഇക്കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തിയ അശോക് ഗെലോട്ടിനെ കണ്ട ജയ് നാരായൺ വ്യാസ് കോൺഗ്രസിലേക്കെന്ന സൂചന തന്നെയാണ് നൽകുന്നത്. സ്വതന്ത്രനായി മത്സരിക്കാൻ താത്പര്യമില്ലെന്ന് വാർത്താ ഏജൻസിയോടും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ കണക്ക് പ്രകാരം ഇരട്ടിയിലേറെ പേരാണ് 182 സീറ്റിലേക്ക് കണ്ണ് വച്ചിരിക്കുന്നതിരിക്കുന്നത്. ബിജെപിയിലേക്കുള്ള കൂറുമാറ്റം കൊണ്ട് വലഞ്ഞ് പോയ കോൺഗ്രസ് ബിജെപിയിലെ പൊട്ടിത്തെറിക്കായി കാത്തിരിക്കുന്നുമുണ്ട്. 43 സീറ്റിലേക്ക് മാത്രമാണ് ആദ്യഘട്ട പട്ടിക പാർട്ടി പുറത്ത് വിട്ടത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെ മണ്ഡലത്തിൽ നിലവിലെ രാജ്യസഭാംഗം അമീ യാഗ്നിക്കിനെയാണ് കളത്തിലിറക്കുന്നത്. ആദ്യഘട്ട സ്ഥാനാർഥി പട്ടിക നേരത്തെ തന്നെ പ്രഖ്യാപിച്ച ആംആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയെയും പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് മുന്നിൽ കുതിക്കുകയാണ്. പഞ്ചാബ് മോഡൽ റോഡ് ഷോകൾ ഉടൻ ഗുജറാത്തിലും ആരംഭിക്കുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam