കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള യോഗത്തിൽ കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. എയിംസ്, ശബരി റെയിൽപാത, വിഴിഞ്ഞം പദ്ധതി, വെട്ടിക്കുറച്ച 21000 കോടി രൂപയുടെ പാക്കേജ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ദില്ലി: കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനകാര്യ മന്ത്രിമാരുടെ യോഗം ദില്ലിയിൽ ചേർന്നു. കേരളത്തിന്‍റെ ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മുടങ്ങിക്കിടക്കുന്ന എയിംസും, ശബരി റെയില്‍ പദ്ധതിയും യാഥാര്‍ത്ഥ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് യോഗത്തിന് മുമ്പ് മന്ത്രി വ്യക്തമാക്കി. റബറിന്‍റെ താങ്ങു വില കൂട്ടുന്ന കാര്യവും ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പലപ്പോഴായി വെട്ടിക്കുറച്ച 21000 കോടി രൂപ പ്രത്യേക പാക്കേജ് ആയി അനുവദിക്കണമെന്നും ആവശ്യപ്പെടും. പ്രീ ബജറ്റ് യോഗത്തിൽ കേരളത്തിന്‍റെ ആവശ്യങ്ങൾ അറിയിക്കും. കേരളത്തിന് വെട്ടിക്കുറച്ച 21000 കോടി പ്രത്യേക പാക്കേജ് ആയി അനുവദിക്കണം. കാലങ്ങളായി എയിംസ് ശബരി റെയിൽപാത പല കാരണങ്ങൾ പറഞ്ഞ് അവഗണിക്കുകയാണ്. എയിംസ് ലഭിക്കാൻ കേരളം എന്തുകൊണ്ടും അർഹമാണ്. ഈ ആവശ്യങ്ങളെല്ലാം മുന്നോട്ട് വെക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞവുമായി ബന്ധപ്പെട്ട പ്രത്യേക പദ്ധതികൾ അനുവദിക്കണം. എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. കഴിഞ്ഞതവണ രണ്ട് സംസ്ഥാനങ്ങളെ കൂടുതൽ ആയി പരിഗണിച്ചു. കേൾക്കാത്ത പല ഉൽപ്പന്നങ്ങളും ബജറ്റിലൂടെ ആളുകൾ അറിഞ്ഞു. റബർ കർഷകളുടെ കാര്യം പ്രത്യേകം എടുത്തു പറയും. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്നതാണ് പുതിയ നിയമം. പദ്ധതി പഴയതുപോലെ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും. സമീപകാലത്ത് കേന്ദ്രസർക്കാർ നടപ്പിലാക്കിയ പല പദ്ധതികളും സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ഭാരം ഏൽപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
