കോണ്‍ഗ്രസ് പുനസഘടന: ആരാകും സംഘടന ജനറല്‍സെക്രട്ടറി? കെ സി വേണുഗോപാല്‍ തുടര്‍ന്നേക്കില്ല,ചര്‍ച്ചകള്‍ സജീവം

By Web TeamFirst Published Nov 5, 2022, 12:58 PM IST
Highlights

ചിന്തന്‍ ശിബിര തീരുമാനമനുസരിച്ച്  അടിമുടി അഴിച്ചു പണിക്ക് ഒരുങ്ങുന്നു.പുതിയ അധ്യക്ഷന് രാഷ്ട്രീയ ഉപദേഷ്ടാവായി ആരെത്തുമെന്നതും നിര്‍ണ്ണായകം,

ദില്ലി:കോണ്‍ഗ്രസ് പുനസംഘടനയില്‍ സംഘടന ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ പേരുകളില്‍ ചര്‍ച്ച തുടങ്ങി. പദവിയില്‍  കെ  സി വേണുഗോപാല്‍ തുടര്‍ന്നേക്കില്ല. പുതിയ അധ്യക്ഷന് രാഷ്ട്രീയ ഉപദേഷ്ടാവായി ആരെത്തുമെന്നതും നിര്‍ണ്ണായകമാണ്.ഉദയ് പൂര്‍ ചിന്തന്‍ ശിബിര തീരുമാനമനുസരിച്ച്  അടിമുടി അഴിച്ചു പണിക്കാണ് പാര്‍ട്ടി ഒരുങ്ങുന്നത്. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക്  കീഴില്‍ സംഘടന ജനറല്‍ സെക്രട്ടറിയായി പുതിയ ആളെത്തും. വടക്കേന്ത്യയില്‍ നിന്നുള്ള നേതാവിനെ  പരിഗണിക്കണമെന്ന വികാരം പാര്‍ട്ടിയിലുണ്ട്. മുകുള്‍ വാസ്നിക്, അജയ് മാക്കന്‍ തുടങ്ങി ചില പേരുകളാണ് ചര്‍ച്ചയിലുള്ളത്.പുതിയ പ്രവര്‍ത്തക സമിതിയിലുണ്ടാകുമെങ്കിലും  സംഘടന ജനറല്‍ സെക്രട്ടറിയായി വീണ്ടും  കെ സി വേണുഗോപാല്‍ എത്തിയേക്കില്ല.

സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചാണ് നിലവില്‍  സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കെ സി വേണുഗോപാല്‍  തുടരുന്നത്. പഴയ പദവിയില്‍ തിരിച്ചെത്തുന്നതിലെ താല്‍പര്യക്കുറവ് കെ സി നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. സംഘടന വിഷയങ്ങളില്‍ അധ്യക്ഷനെ സഹായിക്കാന്‍ രാഷ്ട്രീയ ഉപദേഷ്ടാവും എത്തും. ആരെ നിയോഗിക്കണമെന്നതില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അവസാന വാക്ക് ഗാന്ധി കുടുംബത്തിന്‍റേത് തന്നെയായിരിക്കും. നിലവിലെ പ്രവര്‍ത്തക സമിതി വിപുലീകരിക്കില്ല. സമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് ശശി തരൂര്‍.

ഗുജറാത്ത് തെരഞ്ഞടുപ്പിന്‍റെ സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായും, ഖര്‍ഗെയുടെ തെരഞ്ഞെടുപ്പ് പ്രചാരകനുമൊക്കെയായി അടുത്തിടെ  വീണ്ടും ദേശീയ തലത്തില്‍ സാന്നിധ്യമറിയിച്ച  രമേശ് ചെന്നിത്തല ബര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്.ഖര്‍ഗെയുമായുള്ള അടുപ്പത്തില്‍ പ്രവര്‍ത്തക സമിതിയിലേക്ക് വഴി തുറന്നേക്കുമെന്ന പ്രതീക്ഷയിലാണ് കൊടിക്കുന്നില്‍ സുരേഷ് എംപി. പുതിയ പ്രവര്‍ത്തക സമിതിയില്‍  മുതിര്‍ന്ന നേതാക്കളായ എ കെ ആന്‍റണിയും  ഉമ്മന്‍ചാണ്ടിയും  ഉണ്ടായേക്കില്ല. യുവ നിരക്ക് പ്രാതിനിധ്യം നല്‍കുമെന്നാണ് പ്രഖ്യാപനമെങ്കിലും സമ്മര്‍ദ്ദവുമായി മുതിര്‍ന്ന നേതാക്കള്‍ വരിയില്‍ മുന്‍പിലുണ്ട്. 

click me!