
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദന കത്തെഴുതാന്‍ നിര്‍ദ്ദേശം നല്‍കിയ പ്രൈവറ്റ് സ്കൂള്‍ അധികൃതരുടെ നടപടി വിവാദമാകുന്നു. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുട്ടികളെക്കൊണ്ട് എഴുതിച്ച് വാങ്ങിയ പോസ്റ്റുകാര്‍ഡുകള്‍ തിരികെ നല്‍കി തടിയൂരി സ്കൂള്‍ അധികൃതര്‍.അഹമ്മദാബാദിലെ കങ്കരിയയില്‍, ഗുജറാത്ത് സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓൾ ഗേൾസ് സ്കൂളായ ലിറ്റിൽ സ്റ്റാർ സ്കൂളിലാണ് സംഭവം.
'അഭിനന്ദനങ്ങൾ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സിഎഎ (പൗരത്വ ഭേദഗതി നിയമം) നടപ്പാക്കിയതില്‍ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു.' എന്ന സന്ദേശം പോസ്റ്റ് കാര്‍ഡുകളില്‍ എഴുതി പ്രധാനമന്ത്രിയുടെ ഓഫീസ് അഡ്രസ് എഴുതി നല്‍കാനായിരുന്നു നിര്‍ദ്ദേശം. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളോടാണ് പോസ്റ്റ്കാർഡുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദന സന്ദേശമെഴുതാന്‍ അധ്യാപകര്‍ നിര്‍ദ്ദേശിച്ചത്. 'പിഎംഒ, സൗത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ് കെട്ടിടം, റെയ്‌സീന ഹിൽസ്, ന്യൂഡൽഹി' എന്ന വിലാസത്തിൽ സിഎഎ നടപ്പാക്കിയതില്‍ പിന്തുണയും അഭിന്നദനവും അറിയിച്ച് കത്തെഴുതാനാണ് കുട്ടികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതെന്ന് ഒരു രക്ഷിതാവ് പറഞ്ഞതായി ദേശീയ മാധ്യമം, ഇന്ത്യന്‍ എക്സപ്രസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ചില രക്ഷിതാക്കള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. തങ്ങള്‍ക്ക് ഈ പ്രവര്‍ത്തിയോട് യോജിക്കാനാവില്ലെന്നും എന്താണ് സിഎഎ എന്ന് അറിയുക പോലുമില്ലാത്ത വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് ഇത്തരമൊരു കത്ത് എഴുതിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കള്‍ വ്യക്തമാക്കി. ഇതോടെ ഒരു 'തെറ്റിദ്ധാരണ' സംഭവിച്ചതാണെന്ന് പറഞ്ഞ് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും എഴുതി വാങ്ങിയ പോസ്റ്റ് കാര്‍ഡുകള്‍ തിരികെ നല്‍കി. രക്ഷിതാക്കളില്‍ ചിലര്‍ കാര്‍ഡ് സ്കൂളില്‍ വച്ചുതന്നെ കീറിയെറിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്ലാസുകളിൽ അധ്യാപകർ ബ്ലാക്ക്ബോർഡുകളിൽ അഭിനന്ദന സന്ദേശം എഴുതി, പോസ്റ്റ്കാർഡുകളിൽ പകർത്താൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. ഈ പോസ്റ്റ്‌കാർഡുകൾ അടുത്ത ദിവസം ക്ലാസ് അധ്യാപികയ്ക്ക് നല്‍കാന്‍ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
'എന്റെ മകൾ ആറാം ക്ലാസിലാണ് പഠിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം വീട്ടിലെത്തിയ മകള്‍ സിഎഎയെ പിന്തുണച്ച് നരേന്ദ്ര മോദിക്ക് അഭിനന്ദന സന്ദേശങ്ങൾ എഴുതാൻ ടീച്ചർ ആവശ്യപ്പെട്ട കാര്യം പറഞ്ഞു. എന്റെ മകള്‍ക്ക് അങ്ങനെ പിന്തുണ സന്ദേശം അയക്കേണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല.. അതിന്റെ ഭാഗമാകാൻ അവൾ നിർബന്ധിതാവുകയായിരുന്നു. പക്ഷേ അത് ഞങ്ങള്‍ അനുവദിച്ച് കൊടുക്കില്ല- ഒരു രക്ഷകർത്താവ് പറഞ്ഞു.
പത്താം ക്ലാസ് വിദ്യാർത്ഥികൾ നിലവിൽ ഇന്റേണൽ പരീക്ഷ എഴുതുന്നുണ്ട്. അവരോടും ഈ പോസ്റ്റ്കാർഡുകൾ എഴുതാൻ പറഞ്ഞു. പ്രതിഷേധിച്ചപ്പോൾ, ഈ പോസ്റ്റ്കാർഡുകൾ സമർപ്പിക്കാത്തവർക്ക് ഇന്റേണൽ പരീക്ഷയിൽ മാർക്ക് നൽകില്ലെന്ന് ആയിരുന്നു പ്രതികരണമെന്ന് ഒറു രക്ഷിതാവ് ആരോപിച്ചു. സംഭവം വിവാദമായതോടെ ബുധനാഴ്ച നിരവധി മാതാപിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധം അറിയിച്ചു. ഇതോടെ സ്‌കൂൾ മാനേജ്‌മെന്റ് മാതാപിതാക്കളോട് ക്ഷമ ചോദിക്കുകയും പോസ്റ്റ്‌കാർഡുകൾ മാതാപിതാക്കൾക്ക് തിരികെ നൽകുകയും ചെയ്യുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam