
അഹമ്മദാബാദ്: മുസ്ലീങ്ങൾക്ക് മാത്രമേ രാജ്യത്തെയും കോൺഗ്രസിനെയും രക്ഷിക്കാനാവൂ എന്ന ഗുജറാത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രസ്താവന വിവാദത്തിലായി. സിദ്ധ്പൂരിൽ നിന്നുള്ള സ്ഥാനാർത്ഥി ചന്ദൻ താക്കൂർ ആണ് വിവാദ പ്രസ്താവന നടത്തിയത്. ഇത് പ്രീണനമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.
ഡിസംബർ ഒന്നിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചാരത്തിന്റെ ആവേശത്തിലാണ് ഗുജറാത്തിലെ രാഷ്ട്രീയപാർട്ടികൾ. ഇതിനിടെയാണ് ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ ചന്ദൻ താക്കൂർ ഇത്തരമൊരു പ്രസ്താവന നടത്തിയത്. "അവർ രാജ്യത്തെ മുഴുവൻ ഒരു കുഴിയിലേക്ക് തള്ളിവിട്ടു. രാജ്യത്തെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ അത് മുസ്ലീം സമൂഹമാണ്. കോൺഗ്രസ് പാർട്ടിയെ ആർക്കെങ്കിലും രക്ഷിക്കാൻ കഴിയുമെങ്കിൽ അത് മുസ്ലീം സമുദായത്തിനാണ്". ബിജെപിയെ ഉന്നംവച്ച് ചന്ദൻ താക്കൂർ പറഞ്ഞു. ഒരു ഉദാഹരണം പങ്കുവെക്കാം. എൻആർസി വിഷയത്തിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തെരുവിലിറങ്ങി. മറ്റൊരു പാർട്ടിയും മുസ്ലീങ്ങൾക്ക് വേണ്ടി നിലകൊണ്ടില്ല. രാജ്യത്തുടനീളം മുസ്ലീങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു പാർട്ടി കോൺഗ്രസാണെന്നും ചന്ദൻ താക്കൂർ പറഞ്ഞു.
"ബിജെപി പല കാര്യങ്ങളിലും മുസ്ലീം സമുദായത്തെ അസ്വസ്ഥപ്പെടുത്താൻ ശ്രമിച്ചു. മുത്തലാഖ് വിഷയത്തിൽ അവർ സുപ്രീം കോടതിയിൽ പോയി നിയമം കൊണ്ടുവന്നു. ഹജ്ജിന് പോകാൻ കോൺഗ്രസ് സബ്‌സിഡി തന്നു. എന്നാൽ ബിജെപിയുടെ തെറ്റായ നയങ്ങൾ കാരണം അതും അവസാനിപ്പിച്ചു. നിങ്ങളുടെ ചെറുകിട ബിസിനസുകൾക്ക് ലഭിച്ച സബ്‌സിഡികൾ അവർ അവസാനിപ്പിച്ചു. ഭാവിയിൽ, അവർ വീണ്ടും തങ്ങളുടെ അധികാര രാഷ്ട്രീയത്തിലേക്ക് തിരിയാതിരിക്കാനുള്ള സാഹചര്യങ്ങൾ നിങ്ങളുടെ മുന്നിലുണ്ട്. ഞങ്ങൾ (കോൺഗ്രസ്) നിങ്ങളെ സംരക്ഷിക്കും." ചന്ദൻ താക്കൂർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam