
പറ്റ്ന: ഉദ്ഘാടനം ചെയ്തിട്ട് മൂന്ന് ദിവസമായതേയുള്ളൂ. ഒരു മെട്രോ സ്റ്റേഷനാകെ വൃത്തികേടായിരിക്കുകയാണ്. ഗുഡ്ക കറ വീണ് വൃത്തികേടായ നിലയിൽ മെട്രോ സ്റ്റേഷന്‍റെ വീഡിയോ ഒരു വ്ലോഗറാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്ത, 3.45 കിലോമീറ്റർ നീളമുള്ള പട്‌ന മെട്രോയുടെ എലിവേറ്റഡ് സെക്ഷനിലാണ് കറ കാണപ്പെട്ടത്. ഇത് പൌരബോധമില്ലായ്മയെ കുറിച്ചുള്ള ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ തുടക്കമിട്ടിരിക്കുകയാണ്.
"പട്‌ന മെട്രോയുടെ ഈ സ്റ്റേഷൻ തുടങ്ങിയിട്ട് 2-3 ദിവസമായതേയുള്ളൂ. അപ്പോഴേക്കും 'ഗുട്ക സംഘം' എത്തിക്കഴിഞ്ഞു. അവർ മെട്രോ സ്റ്റേഷനുകളും പ്ലാറ്റ്‌ഫോമുകളും ചുവന്ന കറകളാൽ വൃത്തികേടാക്കി"- പട്‌നയിൽ നിന്നുള്ള രൗണക് അഗർവാൾ എന്ന വ്ലോഗർ ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവച്ചത്. സർക്കാർ ഇത്രയും നല്ലൊരു മെട്രോ ഉണ്ടാക്കിയിട്ട്, നിങ്ങളിത് വൃത്തികേടാക്കുകയാണോ എന്നും വ്ലോഗർ ചോദിക്കുന്നു.
കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടുള്ള നൂറുകണക്കിന് കമന്‍റുകൾ സോഷ്യൽ മീഡിയയിൽ കാണാം. " മെട്രോ സ്റ്റേഷനിൽ തുപ്പിയാലും പുകയില ചവച്ചാലും 200-300 രൂപ പിഴ ചുമത്തുക. അത് കാര്യക്ഷമമായി പിരിച്ചെടുക്കുക. അതൊരു വരുമാനമാർഗ്ഗമാക്കുക" എന്നാണ് ഒരു കമന്‍റ്. "അവിടെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ, തുപ്പുന്ന ആളുകളുടെ ഫോട്ടോകൾ അധികൃതർ പുറത്തുവിടുകയും അവരെക്കൊണ്ട് തന്നെ വൃത്തിയാക്കിക്കുകയും വേണം" എന്നാണ് മറ്റൊരു പ്രതികരണം. എപ്പോൾ മാലിന്യം വലിച്ചെറിഞ്ഞാലും അടുത്ത മണിക്കൂറിൽ തന്നെ അവരെക്കൊണ്ട് വൃത്തിയാക്കിച്ചാലേ ഇത്തരം മോശം പ്രവൃത്തികൾ അവസാനിപ്പിക്കാൻ കഴിയൂവെന്നും ചിലർ അഭിപ്രായപ്പെട്ടു.
പട്‌ലിപുത്ര ബസ് ടെർമിനൽ, സീറോ മൈൽ, ഭൂത്‌നാഥ് എന്നീ മൂന്ന് സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഈ എലിവേറ്റഡ് ഇടനാഴി തിങ്കളാഴ്ചയാണ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത്. എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 10 വരെ മെട്രോ സർവീസ് നടത്തുന്നു. ഓരോ 20 മിനിറ്റ് ഇടവേളകളിലാണ് ട്രെയിനുകൾ ഓടുന്നത്.
അതേദിവസം മുഖ്യമന്ത്രി നിതീഷ് കുമാർ പട്‌ന ജങ്ഷൻ ഉൾപ്പെടെ ആറ് ഭൂഗർഭ മെട്രോ സ്റ്റേഷനുകളുടെയും അവയെ ബന്ധിപ്പിക്കുന്ന 9.35 കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെയും തറക്കല്ലിടൽ നിർവ്വഹിച്ചു. പട്‌ന മെട്രോയ്ക്ക് റെഡ് ലൈൻ (16.86 കി.മീ), ബ്ലൂ ലൈൻ (14.56 കി.മീ) എന്നിങ്ങനെ രണ്ട് ഇടനാഴികളും 24 സ്റ്റേഷനുകളും ഉണ്ടാകും. 2027-ഓടെ നിർമാണം പൂർത്തിയാകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.