യുവതിയെ ഫ്ലാറ്റിൽ വച്ച് കൊലപ്പെടുത്തിയ ജിം പരിശീലകന് ഒമ്പത് വർഷത്തിന് ശേഷം ജീവപര്യന്തം

By Web TeamFirst Published Nov 7, 2019, 10:00 AM IST
Highlights

2010 ഡിസംബർ പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കത്തിക്കൊണ്ട് നിരവധി തവണ കുത്തി പരിക്കേൽപ്പിച്ച് ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു സുരേഖയുടെ മൃതദേഹം. 

ബെം​ഗളൂരു: ഒമ്പത് വർഷങ്ങൾക്കു മുമ്പ് ഇരുപത്തിയേഴുകാരിയെ കുത്തിക്കൊന്ന ജിം പരിശീലകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സിബിഐ പ്രത്യേക കോടതി. 2010ൽ ഐടി ജീവനക്കാരിയായിരുന്ന പായൽ സുരേഖയെ ഫ്ലാറ്റിലെത്തി കൊലപ്പെടുത്തിയ കേസിൽ ജെയിംസ് കുമാർ റോയിയെയാണ് സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

2010 ഡിസംബർ പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കത്തിക്കൊണ്ട് നിരവധി തവണ കുത്തി പരിക്കേൽപ്പിച്ച് ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു സുരേഖയുടെ മൃതദേഹം. സുരേഖയുടെ ഭർത്താവ് അനന്ത നാരായണൻ മിശ്രയോടുള്ള പകയാണ് കൊലപാതകത്തിന് പിന്നില്ലെന്ന് പ്രതി പൊലീസിൽ‌ മൊഴി നൽകിയിരുന്നു. മിശ്രയുടെ ഉടമസ്ഥതയിലുള്ള ഭുബനേശ്വരിലെ ജിമ്മിൽ പരിശീലകനായിരുന്ന ജെയിംസിനെ മിശ്ര ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

സ്ത്രീകളോടുള്ള മോശം പെരുമാറ്റം, മോഷണം തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് ജെയിംസിനെ മിശ്ര ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. അപമര്യാദയായി പെരുമാറുന്നുവെന്ന് കാണിച്ച് ജിമ്മിൽ വരുന്ന സ്ത്രീകളും പെൺകുട്ടികളും സുരേഖയോടാണ് പരാതിപ്പെടാറുള്ളത്. ഇത് സുരേഖ മിശ്രയെ അറിയിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ഫ്ലാറ്റിലെത്തി സുരേഖയെ വകവരുത്തുകയായിരുന്നു. മിശ്രയാണ് കൊലയ്ക്ക് പിന്നില്ലെന്ന് വരുത്തി തീർക്കാനായിരുന്നു ജെയിംസിന്റെ പദ്ധതി.

എന്നാൽ, സംഭവം നടന്ന ദിവസം മിശ്ര ജോലി സംബന്ധമായി ടൂറിലായിരുന്നു. അതിനാൽ പദ്ധതി പാളിപ്പോകുകയും ജെയിംസിനെ പൊലീസ് പിടികൂടുകയുമായിരുന്നു. സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജെയിംസാണ് കൊലയ്ക്ക് പിന്നില്ലെന്ന നിഗമനത്തില്‍ പൊലീസെത്തിയതെന്ന് ജെപി നഗര്‍ എസ്ഐ എസ്കെ ഉമേഷ് വ്യക്തമാക്കി. കൊല നടന്ന് ദിവസങ്ങൾക്കുള്ളിലാണ് ജെപി ന​ഗർ പൊലീസ് ജെയിംസിനെ പിടികൂടിയത്.

അതേസമയം, സുരേഖയുടെ ഭർത്താവ് വീട്ടിലില്ലാത്തപ്പോഴാണ് കൊലപാതകം നടന്നത്. ഇതിൽ സംശയം തോന്നിയ സുരേഖയുടെ മാതാപിതാക്കൾ കൊലപാതകത്തിൽ ഭർത്താവിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് 2013 ആ​ഗസ്റ്റിൽ കേസ് അന്വേഷണം കോടതി സിബിഐയ്ക്ക് കൈമാറുകയായിരുന്നു. കേസിൽ ജാമ്യം കിട്ടിയ ജെയിംസ് ബെം​ഗളൂരുവിൽ വിവിധയിടങ്ങളിലായി ജോലി ചെയ്തിരുന്നു. സുരേഖയെ സ്വന്തം ഫ്ലാറ്റിൽ വച്ച് കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമായിരുന്നു ബെം​ഗളൂരുവിൽ ഉയർന്നത്. സ്ത്രീകള്‍ക്ക് സ്വന്തം വീട്ടിൽ‌ പോലും സുരക്ഷയില്ലെന്ന് കാണിച്ചായിരുന്നു പ്രതിഷേധം. 
  
 

click me!