'അമേരിക്കയിലും ജപ്പാനിലുമൊക്കെ ഇത് സംഭവിക്കാറുണ്ട്'; വിവാദ പ്രതികരണവുമായി ബിഹാർ മന്ത്രി

Published : Sep 24, 2026, 10:40 PM IST
Ashok Choudhary

Synopsis

14 കോടി ജനസംഖ്യയുള്ള ബിഹാറിൽ വിവരമില്ലാത്തവരും അവിവേകികളുമായ ആളുകളുണ്ടെന്നും ഇത്തരം ആളുകളാണ് നിയമവാഴ്ച തകർക്കാനും സംസ്ഥാനത്തിന് അപകീർത്തിയുണ്ടാക്കാനും ശ്രമിക്കുന്നതെന്നും മന്ത്രി അശോക് ചൗധരി

പറ്റ്ന: ബിഹാറിലെ സമസ്തിപുരിലും ജമുയിയിലും പെൺകുട്ടികൾക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവർത്തകരോട് തട്ടിക്കയറി ബിഹാർ മന്ത്രി അശോക് ചൗധരി. ഇത്തരം സംഭവങ്ങൾ അമേരിക്കയിലും ജപ്പാനിലും നടക്കാറുണ്ടെന്നും സർക്കാരിന്‍റെ പ്രതിച്ഛായ തകർക്കാൻ ഓരോന്ന് പറയരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. 14 കോടി ജനസംഖ്യയുള്ള ബിഹാറിൽ വിവരമില്ലാത്തവരും അവിവേകികളുമായ ആളുകളുണ്ടെന്നും ഇത്തരം ആളുകളാണ് നിയമവാഴ്ച തകർക്കാനും സംസ്ഥാനത്തിന് അപകീർത്തിയുണ്ടാക്കാനും ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സമസ്തിപുരിൽ പൊതുസ്ഥലത്തുവെച്ച് ഒരു പെൺകുട്ടിയെ ഒരുകൂട്ടം ആളുകൾ ചേർന്ന് ഉപദ്രവിച്ചതിനെ തുടർന്ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജമുയിയിലും ദർഭംഗയിലും സമാനമായ രീതിയിലുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവും ഉണ്ടായത്. സംസ്ഥാനത്ത് സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലേ എന്നും ആളുകൾ എങ്ങനെ തെരുവിലിറങ്ങി നടക്കുമെന്നും മാധ്യമപ്രവർത്തകർ ചോദ്യമുയർത്തി. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായ മന്ത്രി, 'ഒരു ആഖ്യാനമുണ്ടാക്കാൻ ശ്രമിക്കരുത്' എന്ന് മറുപടി നൽകി. ചോദ്യം നെഗറ്റീവാണെന്ന് പറഞ്ഞ മന്ത്രി എന്താണ് ചോദിക്കേണ്ടതെന്ന് മാധ്യമപ്രവർത്തകരെ പഠിപ്പിക്കാനും ശ്രമിച്ചു. ഇന്ന് സർക്കാരിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നവർ മുൻ ഭരണ കാലത്തെ അവസ്ഥ കണ്ടിട്ടില്ലേ എന്ന മറുചോദ്യവും മന്ത്രി ചോദിച്ചു. നിലവിലെ സർക്കാരിന് ഭരണ നിർവഹണത്തിന് കഴിവുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം വാദിച്ചു.

ജമുയിയിൽ 24 മണിക്കൂറിനുള്ളിലും സമസ്തിപുരിൽ 12 മണിക്കൂറിനുള്ളിലും പ്രതികളെ പിടികൂടി ഉടനടി നടപടിയെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ദിവസേന ഇത്തരം സംഭവങ്ങൾ നടക്കുന്നതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ അമേരിക്കയിലെയും ജപ്പാനിലെയും ഉദാഹരണങ്ങളാണ് മന്ത്രി നിരത്തിയത്. അമേരിക്ക നമ്മളെക്കാൾ വികസിതമാണെങ്കിലും അവിടെയും ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നും അത്തരം സംഭവങ്ങൾ എവിടെ വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു. സർക്കാരിന്റെ ഭാഗത്തു നിന്ന് പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമുണ്ടായിട്ടുണ്ടോ അതോ നടപടിയെടുക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെ മുതൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ലോകത്തിലെ ഒരു നേതാവിനും ഉറപ്പുനൽകാൻ കഴിയില്ലെങ്കിലും കുറ്റവാളികൾക്കെതിരെ കടുത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നതാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പഞ്ചാബിൽ ഇഡി സംഘത്തിന് നേരെ ആക്രമണം; ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയ വാഹനം തകർത്ത് എഎപി പ്രവർത്തകർ
കേരളത്തിലെ വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നെന്ന് രാഹുൽ ​ഗാന്ധിക്ക് പറയാനാകുമോ? ചോദ്യവുമായി ബിജെപി