
ഹരിദ്വാർ: അയോധ്യ, ബദരീനാഥ് ക്ഷേത്രങ്ങളിലെ സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രം. ക്ഷേത്രത്തിലെ പൂജാരിമാർക്കും ജീവനക്കാർക്കും പുതിയ ഡ്രസ് കോഡ് ഏർപ്പെടുത്തി. ഇനിമുതൽ പൂജാരിമാർ പോക്കറ്റുകളില്ലാത്ത കുർത്തകളാണ് ധരിക്കേണ്ടത്. പുതിയ വസ്ത്രധാരണ രീതിയെ സ്വാഗതം ചെയ്ത മാനസ ദേവി ക്ഷേത്രം ട്രസ്റ്റ്ചെയർമാൻ രവീന്ദ്ര പുരി, പൂജാരിമാരും ജീവനക്കാരും പോക്കറ്റില്ലാത്ത വസ്ത്രം ധരിക്കണമെന്ന നിബന്ധന പൂർണമായും പാലിക്കുന്നുണ്ടെന്ന് അറിയിച്ചു.
ക്ഷേത്രം ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ബുധനാഴ്ച ആണ് പോക്കറ്റില്ലാത്ത പുതിയ വസ്ത്രങ്ങൾ പൂജാരിമാർക്കും ജീവനക്കാർക്കും വിതരണം ചെയ്തത്. ക്ഷേത്രങ്ങളിൽ കാണിക്കപ്പണം മോഷ്ടിക്കപ്പെടുന്നു എന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് രവീന്ദ്ര പുരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. വസ്ത്രങ്ങളിൽ പോക്കറ്റുകൾ ഇല്ലെങ്കിൽ കാണിക്കപ്പണം പോക്കറ്റിലാക്കാനുള്ള സാധ്യതയില്ലെന്ന് വിശ്വസിക്കുന്നു. ചില വ്യക്തികളുടെ പ്രവൃത്തികൾ മുഴുവൻ ക്ഷേത്ര ഭരണത്തെയും സനാതന പാരമ്പര്യത്തെയും സംശയത്തിന്റെ നിഴലിലാക്കുന്നു. അതിനാൽ ഭക്തരുടെ വിശ്വാസം നിലനിർത്താനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH | Haridwar, Uttarakhand: Dress code has been implemented in the Mansa Devi Temple; priests have to wear attire without pockets. The decision comes in the wake of recent concerns over donation management at religious institutions. pic.twitter.com/aQna4qACen
— ANI UP/Uttarakhand (@ANINewsUP) July 15, 2026
പോക്കറ്റില്ലാത്ത വസ്ത്രങ്ങൾ വിതരണം ചെയ്തതിന് പുറമേ, ക്ഷേത്രത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ 65 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സംഭാവനകൾ കൈകാര്യം ചെയ്യുന്നതിനും ക്ഷേത്രത്തിലെ ക്രമീകരണങ്ങൾ മേൽനോട്ടം വഹിക്കുന്നതിനുമായി ഏഴ് പൂജാരിമാർ അടങ്ങുന്ന പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. സംഭാവനയായി ലഭിക്കുന്ന ഓരോ രൂപയും കൃത്യമായി ക്ഷേത്രത്തിലേക്ക് തന്നെ എത്തുന്നുണ്ടെന്നും ഭക്തർക്ക് അതിന്റെ രസീത് നൽകുന്നുണ്ടെന്നും ഉറപ്പാക്കാൻ ട്രസ്റ്റ് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. ക്ഷേത്രത്തിലെ സംഭാവനകളിൽ കൃത്രിമം കാണിക്കുന്നത് തടയുന്നതിനും ഭക്തരുടെ വിശ്വാസം നിലനിർത്തുന്നതിനുമാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam