
ദില്ലി: കശ്മീരിന് സവിശേഷാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ പാകിസ്ഥാനെ പരിഹസിച്ചും മോദിയെ പുകഴ്ത്തിയും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ഒരു തെറ്റുതിരുത്തലായിരുന്നുവെന്ന് ഹരീഷ് സാല്‍വേ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പ്രധാന ഭാഗമാണ് കശ്മീര്‍. പാകിസ്ഥാന്‍ ഇന്നും അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്ന പ്രദേശം.
കശ്മീരിന്‍റെ സവിശേഷാധികാരം എടുത്തുകളഞ്ഞ നടപടിയെ വിമര്‍ശിക്കുന്നത് പാകിസ്ഥാന്‍റെ വലിയ പാപ്പരത്തമായി മാത്രമേ കരുതാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ രാജ്യം എടുത്ത നിര്‍ണായക തീരുമാനത്തെ രാജ്യാന്തര പ്രശ്നമായി ഉയര്‍ത്തിക്കാണിക്കാനാണ് പാകിസ്ഥാന്‍ ശ്രമിച്ചത്. പക്ഷേ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇന്ത്യ ചെയ്തത്. ശരിയായ നടപടിയാണ് ഇന്ത്യ സ്വീകരിച്ചത്.
പാക്ക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണ്. ഇവിടെ ഏതെങ്കിലും തര്‍ക്ക പ്രദേശമുണ്ടെങ്കില്‍ അത് പാക്ക് അധീന കശ്മീര്‍ മാത്രമാണ്. പാകിസ്ഥാന്‍ ആ പ്രദേശം കൈയ്യേറുകയാണ് ചെയ്തതെന്നും സാല്‍വെ അഭിപ്രായപ്പെട്ടു. കശ്മീര്‍ ഭരണഘടനയില്‍ പറയുന്നത് കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമാണന്നാണ് അല്ലാതെ ഇന്ത്യന്‍ ഭരണഘടനയുടെ മാത്രം ഭാഗമാണെന്നല്ല. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇനി ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അത് ചില പാകിസ്ഥാനികളുടെ മനസില്‍ മാത്രമാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കിയ തീരുമാനം വലിയൊരു തെറ്റായിരുന്നു. അത് തുടരാനനുവദിച്ചത് മറ്റൊരു വലിയ തെറ്റും ഇപ്പോള്‍ ആ തെറ്റ് തിരുത്തപ്പെട്ടുവെന്നും ഇന്ത്യ ചെയ്തത് ശരിയായ കാര്യമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam