'മനുഷ്യന്റെ അന്തസിനും ആരോ​ഗ്യത്തിനും ഹാനികരം'; എച്ചിൽ ഇലയിലെ ശയനപ്രദക്ഷിണം വിലക്കി മദ്രാസ് ഹൈക്കോടതി

Published : Mar 13, 2025, 02:32 PM IST
'മനുഷ്യന്റെ അന്തസിനും ആരോ​ഗ്യത്തിനും ഹാനികരം'; എച്ചിൽ ഇലയിലെ ശയനപ്രദക്ഷിണം വിലക്കി മദ്രാസ് ഹൈക്കോടതി

Synopsis

ബ്രാഹ്മണരുടെ എച്ചിൽ ഇലയിൽ ഇതരജാതിക്കാർ ഉരുളുന്നത് ജാതിവിവേചനം എന്നായിരുന്നു ഹർജിയിലെ വാദം.

ചെന്നൈ: തമിഴ്നാട് കരൂരിലെ ക്ഷേത്രത്തിൽ എച്ചിൽ ഇലയിൽ ശയനപ്രദക്ഷിണം ചെയ്യുന്ന ആചാരം വിലക്കി മദ്രാസ് ഹൈക്കോടതി. ശയനപ്രദക്ഷിണം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ആരോഗ്യത്തിനും മനുഷ്യന്റെ അന്തസ്സിനും ഹാനികരമാണ് ആചാരമെന്ന് കോടതി നിരീക്ഷിച്ചു. ദളിത് പാണ്ഡ്യൻ എന്ന കരൂർ സ്വദേശിയുടെ ഹർജിയിൽ 2015ൽ ഹൈക്കോടതി ശയനപ്രദക്ഷിണം വിലക്കിയിരുന്നു. 

ബ്രാഹ്മണരുടെ എച്ചിൽ ഇലയിൽ ഇതരജാതിക്കാർ ഉരുളുന്നത് ജാതിവിവേചനം എന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ ആരാധനാ സ്വാതന്ത്ര്യം തടയരുതെന്ന് ആവശ്യപ്പെട്ട് നവീൻ കുമാർ എന്നയാൾ നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് കഴിഞ്ഞ വർഷം ശയനപ്രദക്ഷിണത്തിന് അനുമതി നൽകി. ഇതിനെതിരെ ജില്ലാ ഭരണകൂടം നൽകിയ അപ്പീലിലാണ് ഇന്ന് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വന്നത്. കർണാടകത്തിലെ ക്ഷേത്രത്തിലുള്ള സമാനമായ ആചാരത്തിനെതിരായ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും
ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. 

ജസ്റ്റിസ് ആർ സുരേഷ് കുമാറും ജസ്റ്റിസ് ജി അരുൾ മുരുകനും അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഹർജി പരി​ഗണിച്ചത്. വാഴയിലകളിൽ ഉരുളുന്ന ഈ ആചാരം പൊതു അല്ലെങ്കിൽ ഭരണഘടനാപരമായ ധാർമ്മികതയ്ക്ക് എതിരാകുമോ എന്നത് ഈ കോടതിക്ക് ഈ ഘട്ടത്തിൽ തീരുമാനിക്കാൻ കഴിയില്ല, കാരണം കർണാടക ഹൈക്കോടതിയിൽ നിന്നുള്ള സമാനമായ വിഷയത്തിലെ പ്രശ്നം സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവിന് കീഴിൽ പരിഗണനയിലിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഈ വിഷയത്തിലെ സിംഗിൾ ബെഞ്ചിന്റെ തീരുമാനം ഈ കോടതിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ജഡ്ജിമാർ ഉത്തരവ് റദ്ദാക്കിയത്. സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ കക്ഷികൾക്ക് കാത്തിരിക്കാം. അതുവരെ കരൂർ ജില്ലയിലെ നെരൂരിൽ ഭക്തർ ഭക്ഷണം കഴിച്ച ശേഷം അവശേഷിക്കുന്ന വാഴയിലകളിൽ ഉരുളുന്ന ആചാരം തമിഴ്‌നാട് സർക്കാരും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും അനുവദിക്കരുതെന്ന് ജഡ്ജിമാർ നിർദ്ദേശിച്ചു.

ആചാരം അനുവദിക്കണമെന്നുള്ള ആവശ്യവുമായി ഒരാൾ സമർപ്പിച്ച ഹർജിയിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് കരൂർ ജില്ലാ കളക്ടർ, കരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ, മൺമംഗലം താലൂക്ക് തഹസിൽദാർ എന്നിവർ നൽകിയ അപ്പീലിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2015-ലെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന്, കഴിച്ച ഭക്ഷണത്തിന്റെ ഇലകളിൽ ഉരുളുന്ന ആചാരം 2015 മുതൽ 2024 വരെ അനുവദിച്ചിരുന്നില്ലെന്ന് അപ്പീൽ നൽകിയവർ കോടതിയെ അറിയിച്ചു. 

പള്ളിയിൽ പർദ്ദയിട്ട് വന്നിട്ടും തെറ്റിയില്ല; പത്മനാഭന്റെ തന്ത്രത്തിൽ വീഴാതെ പൊലീസ്, മോഷണക്കേസിൽ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ
കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ