ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ അവകാശ വാദവുമായി ബിജെപി ഇന്ന് ഗവർണറെ കാണും

By Web TeamFirst Published Oct 26, 2019, 5:52 AM IST
Highlights
  • ജെജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് ബിജെപി തീരുമാനം
  • ജെജെപിയുടെയും സ്വതന്ത്രരുടെയും പിന്തുണ ഉറപ്പാക്കിയാണ് ബിജെപി സർക്കാർ രൂപീകരിക്കുന്നത്

ദില്ലി: ജെജെപി പിന്തുണ ഉറപ്പായതോടെ ഹരിയാനയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഇന്ന് ഗവർണറെ കാണും. ജെജെപി സഖ്യത്തിന് പുറമെ സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ചാണ് ബിജെപി നീക്കം. 

ഇന്നലെ ദില്ലിയിൽ അമിത് ഷായുടെ വസതിയിൽ നടന്ന ചർച്ചയിലാണ് ജെജെപിയുമായി സഖ്യം ഉണ്ടാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വന്നത്. ഇന്ന് ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗം ചണ്ഡീഗഡിൽ നടക്കും. അതിനിടെ ബിജെപിയുമായി സഖ്യം ഉണ്ടാക്കാനുള്ള ജെജെപി നീക്കം ജനഹിതത്തിനു എതിരാണെന്ന വിമർശനവുമായി കോൺഗ്രസ്‌ രംഗത്ത് എത്തി

ജെജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് ബിജെപി തീരുമാനം. ഇക്കാര്യം ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ദില്ലിയില്‍ അറിയിച്ചു. ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയും ജെജെപിയും ധാരണയിലെത്തിയത്. 

സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് ജെജെപിയുടെ പിന്തുണ ഉറപ്പാക്കാൻ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെങ്കിലും അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദലിന്‍റെ ഇടപെടൽ ബിജെപിക്ക് ഗുണകരമായി. ജെജെപിയിലെ  വലിയൊരു വിഭാഗവും ബിജെപി സഖ്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

സ്വതന്ത്രരടക്കം ഒമ്പത് പേരുടെ പിന്തുണ നേടി കേവലഭൂരിപക്ഷമായ 46 ബിജെപി നേരത്തെ തന്നെ മറികടന്നിരുന്നു. എങ്കിലും സുസ്ഥിര സര്‍ക്കാരുണ്ടാക്കാന്‍ ജെജെപിയുടെ കൂടി പിന്തുണ ഉറപ്പാക്കുകയായിരുന്നു ബിജെപി. ഇതോടെ ജാട്ടുകള്‍ക്കിടയിലെ ജെജെപിയുടെ സ്വാധീനത്തെയും ഒപ്പം ചേര്‍ക്കാമെന്ന് ബിജെപി കരുതുന്നു.

click me!