ഹാഥ്റസ്; പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷയൊരുക്കണമെന്ന് സുപ്രീംകോടതി, സാക്ഷികൾക്കും സിആർപിഎഫ് സുരക്ഷ

By Web TeamFirst Published Oct 27, 2020, 5:19 PM IST
Highlights

സിആർപിഎഫിനാണ് സുരക്ഷാ ചുമതല. കേസിലെ സാക്ഷികളുടെ സുരക്ഷയും സിആർപിഎഫിനെ ചുമതലപ്പെടുത്തി.

ദില്ലി: ഹാഥ്റസിൽ ക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷയൊരുക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. സിആർപിഎഫിനാണ് സുരക്ഷാ ചുമതല. കേസിലെ സാക്ഷികളുടെ സുരക്ഷയും സിആർപിഎഫിനെ ചുമതലപ്പെടുത്തി.

രാജ്യത്തേറെ ചർച്ചയായ ഹാഥ്റസിലെ ദളിത് യുവതിയുടെ കൊലപാതകത്തിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അലഹബാദ് ഹൈക്കോടതിയോടാണ് കേസ് അന്വേഷണത്തിൻ്റെ മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.

ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസിൻ്റെ അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം പൂ‍ർത്തിയായ ശേഷം കേസിൻ്റെ വിചാരണ ദില്ലിക്ക് മാറ്റുന്ന കാര്യം ആലോചിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിൽ അലഹാബാദ് ഹൈക്കോടതി ഇരയുടേയും കുടുംബത്തിൻ്റേയും പേര് വിവരങ്ങൾ ഉൾപ്പെടുത്തിയ കാര്യം സോളിസിറ്റ‍റൽ ജനറൽ തുഷാ‍ർ മേത്ത ഇന്ന് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പീഡനക്കേസിലെ ഇരയുടേയും കുടുംബത്തിൻ്റേയും സ്വകാര്യത സംരക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും ഇവരുടെ പേരുകൾ അടിയന്തരമായി കോടതി രേഖകളിൽ നിന്നും നീക്കണമെന്നും സുപ്രീംകോടതി നി‍ർദേശിച്ചു. 
 

click me!