'നീതി മാത്രം മതി, സർക്കാരിൽ നിന്ന് ഒരു രൂപ വേണ്ട', ഹഥ്റാസ് പെൺകുട്ടിയുടെ ബന്ധുക്കൾ

By Web TeamFirst Published Oct 3, 2020, 2:33 PM IST
Highlights

മാധ്യമങ്ങളെ ഗ്രാമത്തിന് പുറത്തുവച്ച് തടയുകയായിരുന്നു പൊലീസ് ഇതുവരെ. ബന്ധുക്കളെയോ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെയോ കാണാനോ സംസാരിക്കാനോ അനുവദിക്കാത്തതിനാൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

ലഖ്‍നൗ: ''ഞങ്ങളുടെ കുഞ്ഞിന്‍റെ മുഖം പോലും കാണിച്ചില്ല. രാത്രി അവളുടെ മൃതദേഹം കൊണ്ടുവന്ന് ഒരു പറമ്പിലിട്ട് കത്തിച്ചുകളഞ്ഞു. അവളെ അവസാനമായി ഒരുനോക്ക് കാണാൻ പോലും സമ്മതിച്ചില്ല. എന്തിനാണിങ്ങനെ ചെയ്തത്? ജില്ലാ മജിസ്ട്രേറ്റ് വന്ന് ഞങ്ങളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. അവളുടെ മുഖം വികൃതമായിരുന്നു. അവളുടെ മുഖം കണ്ടാൽ പത്ത് ദിവസത്തേക്ക് നിങ്ങൾ വെള്ളം കുടിക്കില്ല എന്നാണ് അയാൾ ഞങ്ങളോട് പറഞ്ഞത്. എല്ലാവരും പോകും, മാധ്യമങ്ങൾ ഒക്കെ പോകും, പിന്നെ ഞങ്ങൾ മാത്രമേ ഉണ്ടാകൂ എന്നാണയാൾ ഞങ്ങളോട് പറഞ്ഞത്. ഞങ്ങൾക്ക് ഒരു സഹായവും വേണ്ട. ഒരു രൂപ പോലും സർക്കാരിന്‍റേതായിട്ട് വേണ്ട. നീതി മാത്രം മതി. അത് കിട്ടുമെന്ന് തോന്നുന്നില്ല. യുപി സർക്കാരിനെ ഞങ്ങൾക്ക് വിശ്വാസമില്ല'', എന്ന് ഹഥ്റാസിലെ ഫൂൽഗഢി ഗ്രാമത്തിലിരുന്ന് പെൺകുട്ടിയുടെ ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു.

യുപി ഡിജിപി ഹഥ്റാസിലെത്തിയിട്ടുണ്ട്. വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. പെൺകുട്ടിയുടെ ബന്ധുക്കളുമായി ഡിജിപി സംസാരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് സംഘവും ഹഥ്റാസിലുണ്ട്. വലിയ പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അന്വേഷണത്തിൽ വ്യാപകമായ ക്രമക്കേട് നടന്നെന്ന ആരോപണമുയർന്നതിനെത്തുടർന്ന് ഇതിൽ ചർച്ച ചെയ്ത് സമവായമുണ്ടാക്കാൻ കൂടിയാണ് യുപി ഡിജിപി സ്ഥലത്തേക്ക് എത്തുന്നത്. പ്രതിഷേധം ഹഥ്റാസിലെന്നല്ല, രാജ്യമെമ്പാടും ഇരമ്പുകയാണ്. അതിൽ മറുപടി പറയാതെ യുപി സർക്കാരിനും പൊലീസിനും വേറെ വഴിയില്ല. 

പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അവർക്ക് പറയാനുള്ളത് പറയാൻ ഇത്ര ദിവസവും അവസരമുണ്ടായിരുന്നില്ല. ഉത്തർപ്രദേശ് സർക്കാരും പൊലീസും ഹഥ്റാസിലെ ഫൂൽഗഢി എന്ന ഈ ഗ്രാമത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ ബാരിക്കേഡുകൾ വച്ചിരിക്കുകയായിരുന്നു. മാധ്യമപ്രവർത്തകർക്ക് അകത്ത് കയറാൻ അനുവാദമുണ്ടായിരുന്നില്ല. ബന്ധുക്കൾക്കെന്നല്ല പ്രദേശത്തെ ആളുകൾക്കാർക്കും പുറത്ത് പോകാൻ അനുവാദമുണ്ടായിരുന്നില്ല. ബന്ധുക്കളോട് മൊബൈൽ ഫോണിൽ പറയാനുള്ളത് പറഞ്ഞ് അയച്ച് തരാൻ പറഞ്ഞ മാധ്യമപ്രവർത്തകയുടെ ഫോൺരേഖ ചോർത്തപ്പെട്ടെന്ന് ആരോപണമുയർന്നു. ഈ ഫോൺ രേഖ പുറത്തുവിട്ടത് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. മാളവ്യയ്ക്ക് ഈ ഫോൺ രേഖ എവിടെ നിന്ന് കിട്ടി? ഉത്തരമില്ല. ഇന്ത്യ ടുഡേയിലെ ഈ മാധ്യമപ്രവർത്തകയ്ക്ക് നേരെ രൂക്ഷമായ അസഭ്യവർഷവും സൈബറാക്രമണവുമാണ് സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്. പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ ശ്രമിച്ച എബിപി ന്യൂസ് മാധ്യമപ്രവർത്തക പ്രതിമ മിശ്രയെയും ക്യാമറാമാനേയും പൊലീസ് തടഞ്ഞ് ബലം പ്രയോഗിച്ച് തിരിച്ചയച്ചു. 

സ്ഥലത്ത് നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞാണ് ആദ്യം ഇവരെ തടഞ്ഞത്. പിന്നീട്, ബന്ധുക്കളെ ഭീഷണിപ്പെടുത്തി എന്തെങ്കിലും പറയിപ്പിക്കാൻ ശ്രമിക്കുമെന്ന് നിങ്ങൾ കരുതുന്നെങ്കിൽ പൊലീസിന് തനിക്കൊപ്പം വരാമെന്ന് പ്രതിമ മിശ്ര ദൃശ്യങ്ങളിൽ പറയുന്നത് കാണാം. എന്നിട്ടും പൊലീസ് അവരെ കടക്കാൻ അനുവദിക്കാതെ ബലംപ്രയോഗിച്ച് തിരിച്ചയച്ചു.

പെൺകുട്ടിയുടെ ബന്ധുക്കളെ അടക്കം പല രീതിയിൽ അധികൃതർ ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. എന്നിട്ടും യുപി പൊലീസും സർക്കാരും അനങ്ങിയിട്ടില്ല. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഹഥ്റാസിലെമ്പാടും ഒരുക്കിയിരിക്കുന്നത്. ഹഥ്റാസിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ തത്സമയസംപ്രേഷണം:

click me!