
ലക്നൗ: പുറത്തിറങ്ങാനോ മാധ്യമങ്ങളോട് സംസാരിക്കാനോ അനുവദിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി ഹാഥ്റസ് പെൺകുട്ടിയുടെ ബന്ധു. ഇവരുടെ ഗ്രാമത്തിൽ ആളുകൾ കൂട്ടം കൂടുന്നതും കർശനമായി വിലക്കിയിരിക്കുകയാണെന്നും അയാൾ കൂട്ടിച്ചേർത്തു. രാവിലെ കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത ഒരാൾ മാധ്യമങ്ങളോട് സംസാരിക്കാനായി പുറത്തെത്തിയിരുന്നു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടതായും പിന്നീട് മൊബൈൽ ഫോൺ അവരിൽ നിന്നും പിടിച്ചെടുത്തതായും അയാൾ പറഞ്ഞു. ഗ്രാമകവാടത്തിൽ നിൽക്കുന്ന മാധ്യമങ്ങളെ കാണാൻ കൃഷിസ്ഥലത്തിലൂടെയാണ് ഇയാൾ പുറത്തെത്തിയത്.
'അവർ ഞങ്ങളുടെ ഫോണുകൾ പിടിച്ചെടുത്തു. മാധ്യമങ്ങളോട് സംസാരിക്കാൻ കുടുംബമാണ് എന്നെ ഇങ്ങോട്ട് അയച്ചത്. ഞാൻ വയലിലൂടെയാണ് ഇവിടേയ്ക്ക് എത്തിയത്. പുറത്തുകടക്കാൻ അവർ അനുവദിക്കുന്നില്ല. ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്.' കുടുംബാംഗം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇവിടേയ്ക്ക് വരികയും അയാൾ പെട്ടെന്ന് അവിടെ നിന്ന് പോകുകയും ചെയ്തു. എന്തിനാണ് കുടുംബത്തെ തടഞ്ഞു വച്ചിരിക്കുന്നതെന്ന ചോദ്യത്തിന് പൊലീസ് ഉദ്യോഗസ്ഥൻ നിശ്ശബ്ദത പാലിക്കുകയാണ് ചെയ്തത്. ഹാഥ്റസ് ഗ്രാമത്തിനുള്ളിൽ മാധ്യമങ്ങൾ പ്രവേശിക്കുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർശനമായി വിലക്കിയിരിക്കുകയാണ്.
'സംഭവത്തെക്കുറിച്ച് രാജ്യത്തിന് മുന്നിൽ ചില പ്രധാന വസ്തുതകൾ മാധ്യമങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. യോഗിയുടെ ജംഗിൾ രാജിനെക്കുറിച്ചും മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ മാധ്യമങ്ങളെ ഇവിടെ നിരോധിച്ചിരിക്കുകയാണ്.' കോൺഗ്രസ് ട്വീറ്റ് ചെയ്തു. ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ചാണ് ഹാഥ്റസ് പെൺകുട്ടി മരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam