പ്രമേഹമുണ്ടെന്ന് വെളിപ്പെടുത്താത്തതിന് ഇൻഷുറൻസ് ക്ലെയിം നിരസിക്കാനാവില്ലെന്ന് കൺസ്യൂമർ ഫോറം; പണം നൽകാൻ വിധി

Published : May 01, 2025, 09:11 AM ISTUpdated : May 01, 2025, 09:22 AM IST
പ്രമേഹമുണ്ടെന്ന് വെളിപ്പെടുത്താത്തതിന് ഇൻഷുറൻസ് ക്ലെയിം നിരസിക്കാനാവില്ലെന്ന് കൺസ്യൂമർ ഫോറം; പണം നൽകാൻ വിധി

Synopsis

76,000 രൂപയുടെ ക്ലെയിം അപേക്ഷ നിരസിച്ചതുമായി ബന്ധപ്പെട്ട് ബംഗളുരു സ്വദേശികളായ ദമ്പതികൾ നൽകിയ പരാതിയിലാണ് നിർണായക വിധി. 

ബംഗളുരു: പ്രമേഹ രോഗമുണ്ടെന്ന് ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ വെളിപ്പെടുത്തിയില്ലെന്ന കാരണത്താൽ പിന്നീട് ക്ലെയിം നിരസിക്കാൻ കമ്പനിക്ക് കഴിയില്ലെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ വിധി. സാധാരണ ജീവിത ശൈലി രോഗമായ പ്രമേഹം  ആരോഗ്യ ഇൻഷുറൻസിന്റെ കാര്യത്തിൽ വെളിപ്പെടുത്താത്ത ഒരു രോഗമായി കണക്കാക്കാനാവില്ലെന്നും വിധിയിൽ പറയുന്നു. ബംഗളുരു സ്വദേശികളായ ദമ്പതികൾ തങ്ങളുടെ 76,000 രൂപയുടെ ക്ലെയിം നിരസിച്ചതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ ബംഗളുരു അഡീഷണൽ അർബൻ ഡിസ്ട്രിക്ട് കൺസ്യൂമർ കമ്മീഷൻ ആണ് വിധി പറഞ്ഞത്.

ജയനഗർ സ്വദേശികളായ അശോക് (65), ഭാര്യ സുമ (62) എന്നിവരാണ് പരാതിക്കാർ. സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഇവർ പത്ത് ലക്ഷം രൂപയുടെ ഫ്ലോട്ടർ ഗ്രൂപ്പ് ഇൻഷുറൻസ് പ്ലാൻ എടുത്തിരുന്നു. 2022 ജനുവരി മുതൽ സ്ഥിരമായി പോളിസി തുക അടച്ചുവരികയുമാണ്. 2024 ജനുവരി 18 മുതൽ 2025 ജനുവരി 17 വരെയുള്ള കാലയളവിലേക്ക് മാത്രം 52,958 രൂപ ഇവർ പോളിസി പ്രീമിയമായി അടച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മാർച്ചിൽ സുമയ്ക്ക് കണ്ണിന് ചികിത്സ വേണ്ടി വന്നു. 2024 മാർച്ച് 21ന് ഏകദേശം 21,000 രൂപയുടെ ഒരു ഇഞ്ചക്ഷനും പിന്നീട് 28ന് 55,000 രൂപയുടെ ശസ്ത്രക്രിയയും നടത്തേണ്ടിവന്നു. ആകെ 76,000 രൂപയുടെ ഇൻഷുറൻസ് ക്ലെയിം അപേക്ഷ നൽകിയെങ്കിലും ജൂൺ 27ന് കമ്പനി ഇത് നിരസിച്ചു.

സുമയ്ക്ക് 14 വർഷമായി പ്രമേഹ രോഗമുണ്ടെന്നും ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ അക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞായിരുന്നു ക്ലെയിം നിരസിച്ചത്. കണ്ണിന്റെ രോഗം പ്രമേഹവുമായി ബന്ധമുള്ളതാണെന്നും കമ്പനി വാദിച്ചു. ഇതിനെതിരെ 2024 ഓഗസ്റ്റ് 14ന് ദമ്പതികൾ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. ഇൻഷുറൻസ് കമ്പനിയുടെ അഭിഭാഷകൻ കമ്മീഷന് മുമ്പാകെ ഹാജരായെങ്കിലും ആവശ്യപ്പെട്ട പല രേഖകളും നൽകിയില്ല. സുമയുടെ രോഗം പ്രധാനമായും പ്രായാധിക്യം കാരണം ഉണ്ടായതാവാമെന്നാണ് ഡോക്ടറും വെളിപ്പെടുത്തിയത്. 

തങ്ങളുടെ സേവനത്തിൽ ഒരു വീഴ്ചയുമില്ലെന്ന നിലപാട് കമ്പനി സ്വീകരിച്ചു. ഇൻഷുറൻസ് പോളിസി നിലവിലുണ്ടെന്നും പണം വാങ്ങിയിട്ടുണ്ടെന്നും കാലാവധി കഴിഞ്ഞിട്ടില്ലെന്നും സ്ഥിരീകരിച്ച കമ്പനി, പ്രമേഹ രോഗത്തിന്റെ കാര്യം പോളിസി എളുക്കുമ്പോൾ വെളിപ്പെടുത്തിയില്ലെന്ന കാരണം പറഞ്ഞ് ക്ലെയിം നിരസിക്കാൻ അധികാരമുണ്ടെന്ന നിലപാടെടുത്തു. എന്നാൽ സമാനമായ കേസിൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ മറ്റൊരു വിധി കൂടി ചൂണ്ടിക്കാട്ടി, ഇത് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ വിധിച്ചു.

സാധാരണ ജീവിത ശൈലി രോഗമായ പ്രമേഹം വെളിപ്പെടുത്താത്തത് വിവരങ്ങൾ മറച്ചുവെച്ചു എന്ന് കണക്കാക്കാനാവില്ലെന്ന് കമ്മീഷൻ പറഞ്ഞു. അതുകൊണ്ടുതന്നെ ഇൻഷുറൻസ് കമ്പനി സേവനത്തിൽ വീഴ്ച വരുത്തിയെന്നും കമ്മീഷൻ വിധിച്ചു. ക്ലെയിം തുകയായ 76,000 രൂപയും 2024 ജൂൺ 27 മുതലുള്ള ആറ് ശതമാനം പലിശയും കമ്പനി നൽകണം. ഇതിന് പുറമെ നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവായി 10,000 രൂപയും അധികമായി പരാതിക്കാരന് ഇൻഷുറൻസ് കമ്പനി നൽകണമെന്നും കമ്മീഷന്റെ വിധിയിലുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന