
ന്യൂഡൽഹി: ജന്തര്‍ മന്തറിലെ സിജിപെ സമരവേദിയിലേക്ക് പല ദിക്കുകളിൽ നിന്നും എത്തുന്ന ഭക്ഷണ ഓര്‍ഡറുകൾ ഇന്നത്തേക്ക് നിര്‍ത്തണമെന്ന് സിജെപി. ഇന്നത്തേക്ക് ആവശ്യമുള്ള ഭക്ഷണം ഇതിനോടകം തന്നെ ഇവിടെ എത്തിയെന്നും, കൂടുതലായാൽ പാഴായി പോകുമെന്നും സിജെപി എക്സിൽ കുറിച്ചു. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും ലഭിക്കുന്ന സമര പിന്തുണയ്ക്ക് സിജെപി നന്ദി അറിയിച്ചു. ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിലൂടെ കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണ ലഭിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. ജന്തർ മന്തർ സമരവേദി ലൊക്കേഷൻ നൽകി നിരവധി ഭക്ഷണ പൊതികൾ എത്തി. അഞ്ഞൂറിലധികം പൊതികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം ഓർഡർ ചെയ്ത് ഇതിനോടകം എത്തിയെന്ന് വളണ്ടിയർമാരും ഡെലിവറി ബോയ്സും പറഞ്ഞു. ബർഗർ, സാൻഡ്‌വിച്ച് മുതൽ കുപ്പിവെള്ളം വരെ സമരക്കാർക്കായി എത്തി. കഴിഞ്ഞ ദിവസം പൊലീസ് സമര വേദിയിലേക്കുള്ള വഴികൾ അടച്ചതോടെ സമരക്കാർക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. അതിനിടെയാണ് സമരക്കാർക്കായി ഫുഡ് ഓർഡർ ചെയ്ത് വേറിട്ട പിന്തുണ പ്രഖ്യാപനം.
പൊലീസ് അടിച്ചു തകർത്ത ജന്തർ മന്തറിലെ സമരവേദിയിൽ ശക്തമായ സമരം പുനരാരംഭിച്ചിരിക്കുകയാണ് സിജെപി. രാവിലെ മുതൽ നൂറുകണക്കിന് യുവാക്കളാണ് സമരത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇന്നലത്തെ സംഘർഷത്തിൽ പൊലീസ് പെല്ലറ്റ് ഗണ്ണുകൾ വരെ പ്രയോഗിച്ചെന്ന് സിജെപി വക്താവ് അശുതോഷ് രൻഗ പറഞ്ഞു. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കില്ലെന്ന നിലപാടിൽ തുടരുകയാണ് കേന്ദ്ര സർക്കാർ. പരീക്ഷ വീഴ്ചയിലെ യുവരോഷമാണ് രാജ്യം കാണുന്നതെന്നും ധർമ്മേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രി ചോദിച്ച് വാങ്ങണമെന്നും ഇടത് എംപിമാർ ആവശ്യപ്പെട്ടു. ജന്തർ മന്തറിലെ സമര വേദിയിലേക്ക് കേരളത്തിൽ നിന്ന് അടക്കമുള്ള ഇടത് എംപിമാർ എത്തി അഭിജിത് ദീപ്കെയുമായി സംസാരിച്ചു.
സിജെപി- കേന്ദ്രസർക്കാർ ചർച്ചക്ക് സാധ്യത മങ്ങുന്നു. ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചക്ക് പോകില്ലെന്ന് സിജെപി വക്താക്കൾ അറിയിച്ചു. കഴിഞ്ഞ തവണ ചർച്ചയ്ക്ക് പോയപ്പോൾ പൊലീസ് സമരക്കാരെ ആക്രമിച്ചു. അത് ആവർത്തിക്കാൻ അനുവദിക്കില്ല. ചർച്ചയ്ക്ക് സാധ്യത ഇല്ലെന്നും സൗരവ് ദാസ് വ്യക്തമാക്കി. ചർച്ചക്കായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് വേദി നിർദേശിച്ചു. എന്നാൽ കേന്ദ്രം തയാറല്ല. നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ച നടത്തൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ നീറ്റ് ക്രമക്കേടില്‍ പാർലമെന്‍റിൽ ചര്‍ച്ചക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച നടത്താന്‍ സന്നദ്ധമാണ് ലോക് സഭ സ്പീക്കര്‍ ഓംബിര്‍ലയും പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജുവും വ്യക്തമാക്കി. പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമാകുന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേന്ദ്രം ചർച്ചക്ക് സന്നദ്ധത അറിയിച്ചത്. എന്നാൽ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസും പ്രതിഷേധവും നിലപാട് കടുപ്പിച്ചു. മന്ത്രി സ്ഥാനത്ത് ധര്‍മ്മേന്ദ്ര പ്രധാന്‍ തുടരുന്ന സാഹചര്യത്തിൽ ചർച്ചക്ക് പ്രസക്തിയില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam