
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. ജമ്മു കശ്മീർ പൊലീസിലെ ഹെഡ് കോൺസ്റ്റബിളായ ആഷിഖ് ഹുസൈൻ ഖുറേഷി(35)യാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ അനന്തനാഗിലെ ലാൽ ചൗക്കിലായിരുന്നു സംഭവം.
അമർനാഥ് യാത്രയുടെ സുരക്ഷയുടെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരേയാണ് ഭീകരർ വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. വെടിയേറ്റ ആഷിഖ് ഹുസൈൻ ഖുറേഷിയെ ഉടൻ തന്നെ അനന്ത്നാഗ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, അനന്ത്നാഗിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കർ ബന്ധമുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട്(ടിആർഎഫ്) എന്ന ഭീകരസംഘടന ഏറ്റെടുത്തിട്ടുണ്ട്. പാക് ഭീകരസംഘടനായ ലഷ്കറെ തൊയ്ബയുടെ നിഴൽസംഘമാണ് ടിആർഎഫ്. സംഭവത്തിന് പിന്നാലെ സാമൂഹികമാധ്യമ പോസ്റ്റിലൂടെയാണ് ടിആർഎഫ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അറിയിച്ചത്.
അമർനാഥ് യാത്രയുടെ സുരക്ഷയ്ക്കായി മേഖലയിൽ പൊലീസിനെയും മറ്റുസുരക്ഷാസേനകളെയും വിന്യസിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് സംഘത്തിന് നേരേ വെടിവെപ്പുണ്ടായത്. സംഭവത്തിന് പിന്നാലെ മേഖലയിൽ സുരക്ഷാസേനകൾ പൂർണമായും നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ഭീകരർക്കായി വ്യാപക തിരച്ചിലും നടന്നുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam