
ഹൈദരാബാദ്: കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി 'ഇന്ദിരമ്മ ഇന്ദ്ലു - അഫോർഡബിൾ ഓണർഷിപ്പ് ഹൗസിങ് സ്കീം' പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. സംസ്ഥാനത്തെ 'കോർ അർബൻ റീജിയൻ ഇക്കോണമി' (CURE) മേഖലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോട്ടറി സമ്പ്രദായത്തിലൂടെയും കൃത്യമായ മാനദണ്ഡങ്ങളിലൂടെയുമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.
ഈ വീട് ലഭിക്കുന്നതിനായി ഉപഭോക്താക്കൾ 6 ലക്ഷം രൂപ നൽകണം. സർക്കാർ 5 ലക്ഷം രൂപയാണ് സബ്‌സിഡിയായി നൽകുക. ഗുണഭാക്താവിന് ഭൂമിക്കായി പ്രത്യേകം പണം മുടക്കേണ്ടിയും വരില്ല. ഭവന നിർമ്മാണ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി, മന്ത്രിമാരായ പൊന്നം പ്രഭാകർ, ദുദ്ദില്ല ശ്രീധർ ബാബു, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർ ചേർന്നാണ് സെക്രട്ടറിയേറ്റിൽ പദ്ധതിക്ക് തുടക്കമിട്ടത്. ഹൈദരാബാദ് നഗര മേഖലയിലുടനീളം ഘട്ടങ്ങളിലായി ഒരു ലക്ഷം ഫ്ലാറ്റുകൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നഗരവാസികൾക്ക് കുറഞ്ഞ ചെലവിൽ സ്വന്തമായി വീട് ഉറപ്പാക്കാനാണ് ഈ പദ്ധതി. തെലങ്കാന ഹൗസിംഗ് ബോർഡാണ് (TGHB) പദ്ധതി നിർവ്വഹിക്കുന്നത്. ആകെ ഒരു ലക്ഷം ഫ്ലാറ്റുകൾ ലക്ഷ്യമിടുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 16 നിയമസഭാ മണ്ഡലങ്ങളിലായി 7,680 എൽ.ഐ.ജി (LIG) ഫ്ലാറ്റുകൾ നിർമ്മിക്കും. പിന്നീട് ഇത് 26 മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഓരോ ഫ്ലാറ്റിനും 528 ചതുരശ്ര അടി ബിൽറ്റ്- അപ്പ് ഏരിയയും 400 ചതുരശ്ര അടി കാർപെറ്റ് ഏരിയയും ഉണ്ടായിരിക്കും.
അപേക്ഷകർ കഴിഞ്ഞ 10 വർഷമായി സി.യു.ആർ.ഇ (CURE) മേഖലയിൽ സ്ഥിര താമസക്കാരായിരിക്കണമെന്ന നിബന്ധനയുണ്ട്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയരുത്. ഔട്ടർ റിംഗ് റോഡ് (ORR) പരിധിക്കുള്ളിൽ സ്വന്തമായി വീടോ ഫ്ലാറ്റോ പ്ലോട്ടോ ഇവരുടെ പേരിൽ ഉണ്ടാകരുത്. ഒരു കുടുംബത്തിൽ നിന്ന് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാനും സാധിക്കൂ.
പ്രജാ പാലന പോർട്ടൽ വഴി ഓൺലൈനായോ, അടുത്തുള്ള പ്രജാ പാലന കേന്ദ്രങ്ങൾ വഴി ഓഫ്‌ലൈനായോ അപേക്ഷിക്കാം. ഇതിനുപുറമെ മീസേവ (MeeSeva) കേന്ദ്രങ്ങൾ വഴിയും വാട്ട്‌സ്ആപ്പ് വഴിയും അപേക്ഷിക്കാവുന്നതാണ്. 100 രൂപ അപേക്ഷാ ഫീസും, 10,000 രൂപ ഇ.എം.ഡി (Earnest Money Deposit) തുകയായും അടയ്ക്കണം. ജൂലൈ 23 മുതൽ ഓഗസ്റ്റ് 10 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഫ്ലാറ്റ് അനുവദിച്ചാൽ ഇ.എം.ഡി തുക ഗുണഭോക്താവിന്റെ വിഹിതത്തിലേക്ക് മാറ്റി നൽകും. തിരഞ്ഞെടുക്കപ്പെടാത്തവർക്ക് ഇ.എം.ഡി തുക തിരികെ ലഭിക്കും.
അപേക്ഷാ ഫീസിനും ഇ.എം.ഡി മണിക്ക് ശേഷം, അപ്രൂവ് ആയാൽ പ്രൊവിഷണൽ അലോട്ട്‌മെന്റ് ലഭിക്കുമ്പോൾ 1 ലക്ഷം രൂപയും, നിർമ്മാണ ഘട്ടത്തിൽ 2 ലക്ഷം രൂപയും, ഫിനിഷിംഗ് ഘട്ടത്തിൽ 2 ലക്ഷം രൂപയും, ബാക്കി തുക താക്കോൽ കൈമാറുമ്പോഴും നൽകണം. ഫ്ലാറ്റ് ലഭിച്ച് 10 വർഷത്തേക്ക് ഇത് വിൽക്കാനോ വാടകയ്ക്ക് നൽകാനോ പാടില്ല. എന്നാൽ ഭവന വായ്പകൾക്കായി ബാങ്കുകളിൽ പണയം വെക്കാവുന്നതാണ്.
പകുതി ഫ്ലാറ്റുകൾ പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, ഔട്ട്‌സോഴ്‌സിംഗ്/ക്ലാസ്-IV ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്കായി സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ, എല്ലാ വിഭാഗത്തിലും 30% ഫ്ലാറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. ആദ്യ ഘട്ടത്തിൽ രാജേന്ദ്രനഗർ, മഹേശ്വരം, ശേരിലിംഗംപള്ളി, ഇബ്രാഹിംപട്ടണം, മൽക്കാജ്ഗിരി, കർവാൻ, ബഹാദൂർപുര, ആംബർപേട്ട്, കുകട്പള്ളി, മേഡ്ചൽ, കുത്ബുല്ലാപ്പൂർ, സനത് നഗർ, സിക്കന്ദരാബാദ് കന്റോൺമെന്റ്, മലക്പേട്ട് എന്നീ മണ്ഡലങ്ങളിൽ 480 ഫ്ലാറ്റുകൾ വീതം നിർമ്മിക്കും. നാമ്പള്ളിയിൽ റെഡ് ഹിൽസ് (360), നിലോഫർ ഹോസ്പിറ്റൽ പരിസരം (120) എന്നിങ്ങനെയും, ഖൈരതാബാദിൽ ഹക്കീംപേട്ട് ദർഗ (120), ജൂബിലി ഹിൽസിലെ എം.എൽ.എ കോളനി (360) എന്നിങ്ങനെയും ഫ്ലാറ്റുകൾ നിർമിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam