
ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ വീണ്ടും ഭാഷാ വിവാദത്തിന് തിരികൊളുത്തി ഓട്ടോറിക്ഷ ഡ്രൈവറും യുവാവും തമ്മിലുള്ള തർക്കം. ബെംഗളൂരുവിൽ തുടരണമെങ്കിൽ ഹിന്ദി സംസാരിക്കണമെന്ന് യുവാവ് തർക്കിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഇത്. പ്രകോപിതനായി ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെടുന്ന യുവാവിനോട് ഓട്ടോ ഡ്രൈവറും രൂക്ഷമായ ഭാഷയിലാണ് മറുപടി പറയുന്നത്. ഒപ്പമുള്ളയാൾ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് രൂക്ഷമായ ഭാഷയിൽ ഓട്ടോ റിക്ഷ ഡ്രൈവറോട് ക്ഷോഭിക്കുന്നത്.
ഇതിന് പരുഷമായി തന്നെയാണ് ഓട്ടോ ഡ്രൈവർ മറുപടി നൽകുന്നത്. നിങ്ങൾ ബെംഗളൂരുവിലേക്ക് വന്നതാണ്. നിങ്ങൾ കന്നഡ സംസാരിക്കൂ. ഞാൻ ഹിന്ദി സംസാരിക്കില്ലെന്നും ഓട്ടോ ഡ്രൈവർ യുവാവിന് മറുപടി നൽകുന്നുണ്ട്. എന്നാൽ എന്ത് പശ്ചാത്തലത്തിലാണ് ഇരു കൂട്ടരും തമ്മിൽ തർക്കം ആരംഭിച്ചതെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. എന്നാൽ യുവാവിന്റെ പ്രതികരണം കർണാടക സ്വദേശികളിൽ നിന്ന് രൂക്ഷമായ വിമർശനത്തിന് വിധേയമാവുകയാണ് സമൂഹമാധ്യമങ്ങളിൽ. നിരവധി ഉപയോക്താക്കൾ ഓട്ടോ ഡ്രൈവറെ പിന്തുണച്ചുകൊണ്ട് മറുപടി നൽകുമ്പോൾ. ചിലർ ഹിന്ദി സംസാരിക്കുന്ന ആളുടെ സമീപനത്തേയും വിമർശിക്കുന്നുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിസ്പ്ലേ ബോർഡുകളിൽ നിന്ന് ഹിന്ദി നീക്കിയ വീഡിയോ വൈറലായിരുന്നു. സൈൻ ബോർഡുകളിൽ ഇംഗ്ലീഷും കന്നഡയും മാത്രമാക്കിയ നീക്കം വലിയ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ തുടങ്ങി വച്ചിരുന്നു. ചിലർ ശക്തമായ നീക്കമായി സംഭവത്തെ വിലയിരുത്തുമ്പോൾ മറ്റ് ചിലർ നടപടി ഭാഷാ അറിയാത്തവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam