അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ വൻപ്രതിഷേധം

Published : May 24, 2021, 07:50 AM IST
അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ വൻപ്രതിഷേധം

Synopsis

അധികാരമേറ്റ് അഞ്ച് മാസം പിന്നിടുമ്പോൾ കടലും കടന്നുള്ള പ്രതിഷേധമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഉയരുന്നത്. 

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികൾക്കെതിരെ സാമൂഹികപ്രവർത്തകരടക്കം രംഗത്തെത്തി. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് എളമരം കരീം എംപി രാഷ്ട്രപതിയ്ക്ക് കത്ത് നൽകി.

അധികാരമേറ്റ് അഞ്ച് മാസം പിന്നിടുമ്പോൾ കടലും കടന്നുള്ള പ്രതിഷേധമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെതിരെ ഉയരുന്നത്. ഡിസംബറിൽ ദ്വീപുകളുടെ അഡ്മിനിസ്ട്രേറ്ററായി അധികാരമേറ്റത്തിന് പിന്നാലെ പ്രഫുൽ പട്ടേൽ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളാണ് സ്വസ്ഥതയും സമാധാനവും നിലനിന്നിരുന്ന ലക്ഷദ്വീപിൽ വൻ പ്രക്ഷോഭത്തിന് വഴിതുറന്നത്. 

ഒരു വർഷത്തോളം കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ വന്നതിന് പിന്നാലെ യാത്രക്കാർക്കുള്ള ക്വാറൻ്റൈനും കൊവിഡ് നിയന്ത്രണങ്ങളും എടുത്തു കളഞ്ഞു. ഇതോടെ കൊവിഡ് വൈറസിൻ്റെ അതിതീവ്രവ്യാപനമാണ് ലക്ഷദ്വീപിലുണ്ടായത്. 

തീരസംരക്ഷണ നിയമത്തിന്റെ മറവിൽ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ച്നീക്കിയ ലക്ഷദ്വീപ് ഭരണകൂടം സർക്കാർ ഓഫീസുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തു. കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത, രാത്രി പോലും വാതിൽ തുറന്നിട്ട് ആളുകളുറങ്ങുന്ന ദ്വീപിൽ ഗുണ്ട ആക്ടും പുതിയ അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കി. 

അംഗനവാടികൾ അടച്ചുപൂട്ടിയ അഡ്മിനിസ്ട്രേറ്റർ മദ്യനിരോധനം നിലനിൽക്കുന്ന ലക്ഷദ്വീപിൽ മദ്യശാലകൾ തുറന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഗോമാംസനിരോധനം ലക്ഷദ്വീപിൽ നടപ്പാക്കാനും ശ്രമമുള്ളതായി ആരോപണമുണ്ട്. കൊറോണ വിപ്ലവം വീട്ടുപടിക്കൽ എന്ന പേരിൽ ലക്ഷദ്വീപ് വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിലുള്ള ഓൺലൈൻ ക്യാംപെയ്ൻ ആരംഭിച്ചതോടെ കേരളത്തിലും വിഷയം ചർച്ചയായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ എല്ലാം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധം വ്യാപിക്കുകയാണ്. 

ലക്ഷദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന നടപടികളിൽ നിന്ന് അഡ്മിനിസ്ട്രേഷൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപിയും നിയുക്ത എംപി അബ്ദുൾസമദ് സമദാനിയും രംഗത്തെത്തിയിട്ടുണ്ട്. ലക്ഷദ്വീപിൽ ഭരണകൂടം നടപ്പാക്കിയ മുഴുവൻ തീരുമാനങ്ങളും പുനപരിശോധിച്ച് ജനവിരുദ്ധമായവ റദ്ദാക്കണമെന്ന് കരീം രാഷ്ട്രപതിയ്ക്ക് കത്ത് നൽകി. 

പ്രതിരോധ തന്ത്രജ്ഞൻ കൂടിയായിരുന്ന മുൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശ്വാസകോശ രോഗത്തെ തുടർന്ന് അപ്രതീക്ഷിതമായി മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറിൽ മുൻഗുജറാത്ത് അഭ്യന്തര സഹമന്ത്രിയായ പ്രഫുൽ പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിതനായത്. 

PREV
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ