
ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. അഞ്ച് സംസ്ഥാനങ്ങളിലാണ് പ്രളയക്കെടുതി രൂക്ഷം. വിവിധ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 38 ആയി. ഹിമാചൽ പ്രദേശിലാണ് കൂടുതൽ പേർ മരിച്ചത്. 22 പേർ. ഒഡീഷയിൽ 6ഉം ഉത്തരാഖണ്ഡിലും ജാർഖണ്ഡിലും നാല് വീതം പേരും ജമ്മു കശ്മീരിൽ രണ്ടു പേരും മഴക്കെടുതിയെ തുടർന്ന് മരിച്ചു. ശക്തമായ മഴ നാല് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.
മിന്നൽ പ്രളയത്തിനൊപ്പം വ്യാപകമായി മണ്ണിടിച്ചിലുണ്ടായ ഹിമാചലിൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് നിഗമനം. മിന്നൽ പ്രളയത്തെ തുടർന്ന് ഹാമിർപുർ ജില്ലയിൽ ഒറ്റപ്പെട്ട 22 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കാൺഗ്രയിലെ ചക്കി റെയിൽപ്പാലം തകർന്നതിനെ തുടർന്ന് ജോഗീന്ദർനഗറിനും പത്താൻകോട്ടിനും ഇടയിൽ ട്രെയിൻ ഗതാഗതം നിർത്തി വച്ചിട്ടുണ്ട്.
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഇന്നലെ പുലർച്ചെയോടെ മേഘവിസ്‌ഫോടനമുണ്ടായതാണ് പ്രളയ തീവ്രത കൂട്ടിയത്. നദികൾ കരകവിഞ്ഞൊഴുകിയതിന് പിന്നാലെ ജനവാസ മേഖലകള്‍ ഉള്‍പ്പടെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമസ, സോങ്ങ്, ചക്കി നദികളിൽ നിന്ന് ജലം കുത്തിയൊഴുകി വന്നതോടെ നിരവധി പാലങ്ങളും റോഡുകളും തകർന്നു.
ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് മൂന്ന് വയസ്സുകാരിയും, രണ്ട് മാസം പ്രായമായ കുഞ്ഞും മരിച്ചത്. ഒഡീഷയിൽ മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ജാർഖണ്ഡിലും മതിലിടിഞ്ഞ് ഒരു സ്ത്രീ മരിച്ചു. മഴ കനത്തതോടെ ജാർഖണ്ഡിലേക്കുള്ള രണ്ട് വിമാന സർവീസുകൾ റദ്ദാക്കി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ തുടർച്ചയായി പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗംഗാ, യമുനാ നദികളിലും അപകടകരമാം വിധം ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നുമുതൽ മഴ സജീവമാകാൻ സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലെർട്ട്
സംസ്ഥാനത്ത് ഇടവേളക്ക് ശേഷം ഇന്നുമുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം, മൂന്ന് ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 22, 23, 24 തീയതികളിലാണ് മുന്നറിയിപ്പ്.