
കുരുക്ഷേത്ര (ഹരിയാന): കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകിയതിൽ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തു. രണ്ട് ദിവസമായി കാണാതായ 23 കാരന്റെ മൃതദേഹം ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ കനാലിൽ നിന്ന് കണ്ടെത്തി. ഷഹബാദ് സബ് ഡിവിഷനിലെ ഗൂർഖ ഗ്രാമത്തിൽ നിന്നുള്ള വികേഷ് സൈനി എന്ന ദീപക് ആണ് മരിച്ചത്. വിദ്യാർഥിയുടെ വിസ വ്യാഴാഴ്ച വന്നിരുന്നു. എന്നാൽ വിദ്യാർഥിയെ കാണാതായതിനാൽ വിസ വന്ന വിവരം അവനെ അറിയിക്കാൻ കഴിഞ്ഞില്ല. സ്റ്റുഡന്റ് വിസ ലഭിച്ചിട്ടില്ലാത്തതിനാൽ മനംനൊന്ത് ജൻസ ടൗണിനടുത്തുള്ള കനാലിലേക്ക് ചാടി ആത്മഹത്യ ചെയ്തതായി പൊലീസ് സംശയിക്കുന്നു. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വികേഷ് കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ബന്ധു പറഞ്ഞു. അച്ഛന് സർക്കാർ ജോലിയാണെന്നാണ് വിവരം.
വ്യാഴാഴ്‌ച വിസ വന്നു. പക്ഷേ അപ്പോഴേക്കും അവനെ കാണാതായിരുന്നു. കാനഡയിലേക്കുള്ള സുഹൃത്തിന്റെ വിസ വന്നതുമുതൽ അയാൾ അസ്വസ്ഥനായിരുന്നു. എന്നാൽ വികേഷിന്റെ വിസ വൈകി. കുടുംബവും ഇയാളെ കാനഡയിലേക്ക് അയയ്ക്കാൻ ആഗ്രഹിച്ചെന്ന് ഗൂർഖ ഗ്രാമത്തിലെ മുൻ സർപഞ്ചും കുടുംബസുഹൃത്തുമായ ഗുർനാം സിംഗ് പറഞ്ഞു.
വ്യാഴാഴ്‌ച നടത്തിയ തിരച്ചിലിനിടെ നർവാന ബ്രാഞ്ച് കനാലിൽ വീട്ടുകാരാണ് ഇയാളുടെ ചെരുപ്പും ബൈക്കും കണ്ടത്. തുടർന്ന് മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതായി ഏരിയ പോലീസ് ഇൻചാർജ് രാജ്പാൽ സിംഗ് പറഞ്ഞു.
മകനെ ലഹരിസംഘം ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവ് അടിയേറ്റ് മരിച്ചു
കൊവിഡിന് ശേഷം സ്റ്റുഡന്റ് വിസ വൈകുന്നതായി ആരോപണമുണ്ട്. കാനഡയെ കൂടാതെ, യുകെയും യുഎസും അപേക്ഷകളിൽ തീരുമാനമെടുക്കാൻ വൈകുകയാണ്. വിസ വൈകുന്ന പ്രശ്നം പരിഹരിക്കാൻ ഓസ്‌ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ജർമ്മനി, ന്യൂസിലാൻഡ്, പോളണ്ട്, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളുമായി എംഇഎ ഉദ്യോഗസ്ഥർ ഈ രാജ്യങ്ങളിലെ മിഷൻ മേധാവികളുമായും നയതന്ത്രജ്ഞരുമായും ചർച്ചകൾ നടത്തിയിരുന്നു.