
ദില്ലി: സമൂഹ മാധ്യമങ്ങളിലടക്കം വൈറലായ ഹെൽമറ്റ് മാനെ പരിചയപ്പെടാം. ഹെൽമറ്റിന്റെ പ്രചാരണത്തിനായി ജീവിതം സമർപ്പിച്ച ബിഹാർ സ്വദേശിയായ രാഘവേന്ദ്ര കുമാർ ഇതിനോടകം എഴുപതിനായിരത്തിലധികം ഹെൽമറ്റുകളാണ് സൌജന്യമായി വിതരണം ചെയ്തത്. സൈന്യത്തോടൊപ്പം അടക്കം രാജ്യം മുഴുവൻ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി സജീവമാണ് ഈ യുവ കർഷകൻ.
നോയിഡയിലെ ഒരു ലീഗൽ കൺസൾട്ടന്റിൽനിന്നും ഉന്നത സൈനിക ഉദ്യോഗസ്ഥർ വരെ സെൽഫിയെടുക്കാൻ തിരക്ക് കൂട്ടുന്ന സെലിബ്രിറ്റിയിലേക്കുള്ള രാഘവേന്ദ്ര കുമാറിന്റെ ജീവിത യാത്ര വ്യത്യസ്തമാണ്. 2014 ൽ ഉറ്റ സുഹൃത്ത് ബൈക്കപകടത്തിൽ മരിച്ചപ്പോഴുണ്ടായ ആഘാതമാണ് ജീവിതം മാറ്റിമറിച്ചത്. അന്ന് രാഘവ് ധരിച്ചതാണ് ഈ ഹെൽമറ്റ്. ദിവസവും രാവിലെ റോഡിലിറങ്ങി ഹെൽമറ്റ് വയ്ക്കാത്തവരെ കണ്ടെത്തി അത് ധരിപ്പിക്കും. ഇല്ലാത്തവർക്ക് സൗജന്യമായി നൽകും. 2016ൽ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും ബോധവൽക്കരണത്തിനായി ഇറങ്ങി.
സ്വന്തം വീടും, ഭൂമിയും ഭാര്യയുടെ ആഭരണങ്ങളും വരെ വിറ്റ് ഹെൽമറ്റുകൾ വാങ്ങി വിതരണം ചെയ്തു. കാറോടിക്കുമ്പോഴും വിമാനത്തിൽ സഞ്ചരിക്കുമ്പോഴും കേന്ദ്രമന്ത്രിമാരോടൊപ്പം ചടങ്ങുകളിൽ അതിഥിയായിരിക്കുമ്പോൾ വരെയും രാഘവേന്ദ്ര ഹെൽമറ്റ് അഴിക്കില്ല. ഹെൽമറ്റ് മാൻ ഓഫ് ഇന്ത്യയെന്ന പേരിൽ സൈന്യത്തിനൊപ്പം അടക്കം രാജ്യം മുഴുവൻ ബോധവൽക്കരണം വ്യാപിപ്പിച്ചിരിക്കുകയാണ് ഈ യുവാവ്. സമൂഹ മാധ്യമങ്ങളിലും ഹെൽമറ്റ് മാൻ താരമാണ്.
കൃഷി മാത്രമാണ് ഹെൽമറ്റ് മാന് ഇപ്പോൾ വരുമാന മാർഗം. ബോധവൽക്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിലും ഗ്രാമങ്ങളിലുമൊക്കെ ഹെൽമറ്റ് ബാങ്ക് സ്ഥാപിക്കാനായി ഒരു എൻജിഒയും രാഘവേന്ദ്ര തുടങ്ങിയിട്ടുണ്ട്. ആവശ്യം കഴിഞ്ഞാൽ ഹെൽമറ്റ് തിരിച്ചേൽപിക്കാൻ കഴിയുന്ന ഹെൽമറ്റ് ബാങ്ക് ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിലായി സ്ഥാപിച്ചു. രാജ്യവ്യാപകമാക്കണമെന്നാണ് ആഗ്രഹം.
രണ്ട് ലക്ഷത്തോളം ആളുകൾ ഓരോ വർഷവും ഇന്ത്യയിൽ റോഡപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് കണക്ക്. പകുതിയോളം അപകടത്തിൽപെടുന്നത് ഇരുചക്ര വാഹനങ്ങളാണ്. തന്റെ ഒറ്റയാൾ പോരാട്ടം പുതിയ തലമുറ ഏറ്റെടുക്കുമെന്ന പ്രതീക്ഷയാണ് രാഘവിന്റെ ഊർജം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam