
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ കഥാപാത്രമാക്കി ബീഹാർ കോൺഗ്രസ് പുറത്തിറക്കിയ എ ഐ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് പറ്റ്ന ഹൈക്കോടതി. ആക്ടിങ് ചീഫ് ജസ്റ്റിസായ പി ബി ബജന്ദ്രിയാണ് എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്നും വീഡിയോ നീക്കം ചെയ്യണമെന്ന് കോൺഗ്രസിനോട് നിർദേശിച്ചത്.
സെപ്റ്റംബർ 10നാണ് പ്രധാനമന്ത്രിയുടെ അമ്മയെ കഥാപാത്രമാക്കി ബീഹാർ കോൺഗ്രസ് വീഡിയോ പുറത്തിറക്കിയത്. തന്നെ വോട്ടിനു വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തിൽ മോദിയോട് അമ്മ പറയുന്നതാണ് വീഡിയോ. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കോൺഗ്രസ് മോദിയുടെ അമ്മയെ അപമാനിച്ചു എന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. എന്നാൽ, വീഡിയോ മോദിയുടെ അമ്മയെ അപമാനിക്കുന്നതല്ല എന്നാണ് കോൺഗ്രസ് വാദം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോടതി നിർദേശം ബീഹാറിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ്.