
ഡെറാഡൂൺ: രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമമെന്ന് സംശയം. റെയിൽവേ പാളത്തിൽ ഹൈ-വോൾട്ടേജ് വൈദ്യുത വയർ കണ്ടത്തി. 15 മീറ്റർ നീളമുള്ള വയറാണ് കണ്ടെത്തിയത്. ഇത് ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ ട്രെയിൻ നിർത്തുകയും ചെയ്തതിനാൽ വൻ അപകടമാണ് ഒഴിവായത്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലാണ് സംഭവം.
ഇന്ന് പുലർച്ചെ ഡെറാഡൂൺ-തനക്പൂർ വീക്ക്‌ലി എക്‌സ്‌പ്രസ് ഖത്തിമ റെയിൽവേ സ്റ്റേഷൻ പിന്നിടുമ്പോഴാണ് സംഭവമുണ്ടായത്. പാളത്തിൽ 15 മീറ്റർ നീളമുള്ള ഹൈ-വോൾട്ടേജ് വയർ കണ്ടതോടെ ലോക്കോ പൈലറ്റുമാർ എമർജൻസി ട്രാക്കുകൾ ആവശ്യപ്പെടുകയും ട്രെയിൻ നിർത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാളത്തിലെ വൈദ്യുത കമ്പികൾ നീക്കം ചെയ്തു. ഇതിന് ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചു.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ (ആർപിഎഫ്) ഉന്നത ഉദ്യോഗസ്ഥരും ഉത്തരാഖണ്ഡ് പൊലീസും സംഭവസ്ഥലം സന്ദർശിച്ചു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അജ്ഞാതനായ പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്.
അതേസമയം, സെപ്റ്റംബറിൽ പ്രയാഗ്‌രാജിൽ നിന്ന് ഭിവാനിയിലേക്കുള്ള കാളിന്ദി എക്‌സ്പ്രസ് ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിൽ വെച്ച് പാളത്തിൽ സ്ഥാപിച്ചിരുന്ന എൽപിജി സിലിണ്ടറിൽ ഇടിച്ചിരുന്നു. പാളത്തിൽ എൽപിജി സിലിണ്ടറും മറ്റ് സംശയാസ്പദമായ വസ്തുക്കളും കണ്ട് ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് ബ്രേക്കിട്ടെങ്കിലും സിലിണ്ടറിൽ ഇടിക്കുകയായിരുന്നു. വലിയ ട്രെയിൻ അപകടമാണ് അന്ന് ഒഴിവായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam