
ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് (Hijab) ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ രണ്ട് ഇടങ്ങളില്‍ പരീക്ഷ എഴുതിച്ചില്ല. കുടകില്‍ 30 വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസ് മോഡല്‍ പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചു. ശിവമൊഗ്ഗയില്‍ 13 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചു. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചത്.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിച്ചിരുന്നു. വന്‍ പൊലീസ് വിന്യാസത്തിലാണ് സ്കൂളുകള്‍ ഇന്ന് തുറന്നത്. ഹിജാബും ബുര്‍ഖയും ധരിച്ചെത്തിയവരെ സ്കൂളുകളുടെ പ്രധാന കവാടത്തില്‍ വച്ച് അധ്യാപകര്‍ തടഞ്ഞു. ഹിജാബും ബുര്‍ഖയും അഴിച്ചുമാറ്റിയ ശേഷമാണ് ഇവരെ ക്ലാസുകളിലേക്ക് അനുവദിച്ചത്. ഹിജാബ് ധരിച്ചവരെ പ്രവേശിപ്പിക്കാത്തിന്‍റെ പേരില്‍ മാണ്ഡ്യയിലും ശിവമൊഗ്ഗയിലും രക്ഷിതാക്കളും അധ്യാപകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഹിജാബ് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്ജ് ധരിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് നിയമസഭയിലെത്തിയത്. ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഉടന്‍ വാദം തുടങ്ങും.
കേസില്‍ അന്തിമ ഉത്തരവ് വരുന്നത് വരെ മതാചാരവസ്ത്രങ്ങള്‍ ധരിച്ചെത്തുന്നത് വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹിജാബ് വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സമഗ്ര അന്വേഷണം വേണമെന്നും നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സഭയില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കറുത്ത ബാഡ്ജ് ധരിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തിയത്. ഉഡുപ്പിയില്‍ അടക്കം നിരോധനാജ്ഞ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കൂട്ടം കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam