ഹിമാചൽ തെരഞ്ഞെടുപ്പിലും യൂണിഫോം സിവിൽ കോഡ് ആയുധമാക്കി ബിജെപി, പ്രകടനപത്രികയിൽ 11 വാ​ഗ്ദാനങ്ങൾ

By Web TeamFirst Published Nov 6, 2022, 12:32 PM IST
Highlights

ബിജെപി ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഭരണ വിരുദ്ധ വികാരം ശക്തമാണ്. വിമതരുടെ അടക്കം വെല്ലുവിളി ബിജെപി നേരിടുന്നുണ്ട്.

ഷിംല : ​ഗുജറാത്തിന് പിന്നാലെ ഹിമാചലിലും യൂണിഫോം സിവിൽ കോഡ് പ്രചരണ ആയുധമാക്കുകയാണ് ബിജെപി. ഹിമാചൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിലാണ് യൂണിഫോം സിവിൽ കോഡ് നടപ്പാക്കും എന്ന വാ​ഗ്ദാനം ബിജെപി നൽകിയിരിക്കുന്നത്. യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ സമിതിയെ നിയോഗിക്കും. സിവിൽ കോഡ് ഉൾപ്പെടെ 11 വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.  

ഷിംലയിൽ നടന്ന ചടങ്ങിലാണ് പത്രിക പുറത്തിറക്കിയത്. മുഖ്യമന്ത്രി ജയറാം താക്കൂ‍റും കേന്ദ്ര നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ​ഗുജറാത്തിലും പ്രകടനപത്രികയിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന വാ​ഗ്ദാനം മുന്നോട്ട് വച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായുള്ള പ്രവ‍ർത്തനം എന്നാണ് ചടങ്ങിൽ ഉടനീളം നദ്ദ ആവർത്തിച്ചത്. ഡബിൾ എഞ്ചിൻ സ‍ർക്കാർ എന്ന പ്രചാരണം കൂടുതൽ ശക്തമാക്കുകയാണ് ബിജെപി. 

ഉദ്യോഗാർത്ഥികളുടയും കർഷകരുടെയും ക്ഷേമമാണ് ലക്ഷ്യമെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട് നദ്ദ പറഞ്ഞു. 8 ലക്ഷം പേർക്ക് ജോലി, എല്ലാ ഗ്രാമങ്ങളിലും റോഡ് നിർമ്മിക്കാൻ  5000 കോടി ചിലവഴിക്കും. തീർഥാടന ടൂറിസം വികസനത്തിന് 12000 കോടി രൂപ ചിലവഴിക്കുമെന്നും വാ​ഗ്ദാനം ചെയ്യുന്നു. 

വിലയിടിവും ഉത്പാദനച്ചിലവ് കുത്തനെ കൂടിയതും പാക്കിം​ഗ് വസ്തുക്കളുടെ ജിഎസ്ടി കൂടിയതു മടക്കമുള്ള പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയുള്ള ആപ്പിൾ കർഷകരുടെ പ്രതിഷേധം സംസ്ഥാനത്ത് വലിയ ചർച്ചയാണ്. ഈ സാഹചര്യത്തിൽ പാക്കിംഗ് വസ്തുക്കളുടെ ജിഎസ്ടി 12 ശതമാനമാക്കും, അധിക ജിഎസ്ടി സംസ്ഥാന സർക്കാർ വഹിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. 

അ‍ഞ്ച് പുതിയ മെഡിക്കൽ കോളേജുകൾ പണിയും. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലെ പോരായ്മകൾ നീക്കും. എല്ലാ മണ്ഡലങ്ങളിലും മൊബൈൽ ക്ലിനിക്ക് വാനുകൾ, സ്റ്റാർട്ടപ്പുകൾക്ക് 900 കോടി, വഖഫ് അഴിമതി അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷൻ, 6 മുതൽ 12 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് സൈക്കിൾ, കോളേജ് വിദ്യാർത്ഥികൾക്ക് സ്കൂട്ടർ , വനിതകൾക്ക് സർക്കാർ തസ്തികകളിൽ 33 ശതമാനം സംവരണം എന്നിങ്ങനെയാണ് പത്രികയിലെ മറ്റ് വാ​ഗ്ദാനങ്ങൾ. 

ബിജെപി ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഭരണ വിരുദ്ധ വികാരം ശക്തമാണ്. വിമതരുടെ അടക്കം വെല്ലുവിളി ബിജെപി നേരിടുന്നുണ്ട്. ഇതിന് പുറമെ വലിയ വാ​ഗ്​ദാനങ്ങളുമായി കഴിഞ്ഞ ദിവസം കോൺ​ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. കോൺ​ഗ്രസിന്റെ പ്രകടനപത്രികയിൽ സർക്കാർ ജീവനക്കാർക്കും കർഷകർക്കും വലിയ പരി​ഗണന നൽകുന്നുണ്ട്.  ഇതിനെ പ്രതിരോധിക്കാൻ കൂടിയാണ് തൊട്ടടുത്ത ​ദിവസം തന്നെ ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ആറ് ദിവസം മാത്രമാണ് ഇനി തെരഞ്ഞെടുപ്പിനുള്ളത്. ഡിസംബ‍ർ എട്ടിനാണ് വോട്ടെണ്ണൽ.

Read More : ഹിമാചലിലും അയോധ്യ: രാമക്ഷേത്ര നിർമ്മാണം പ്രചാരണായുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

click me!