ഹിമാചലിൽ വിമത നീക്കത്തിൽ നട്ടം തിരിഞ്ഞ് ബിജെപി, അമിത് ഷായുടെ അനുനയ ശ്രമവും ഫലം കണ്ടില്ല

By Web TeamFirst Published Nov 8, 2022, 3:13 PM IST
Highlights

ജെ പി നദ്ദയും അമിത് ഷായും സംസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് വിമതരെ അനുനയിപ്പിക്കാൻ ശ്രമിച്ചത്. പക്ഷേ കാര്യമായ ഫലം കണ്ടില്ല. തുടർന്ന് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ പത്രിക നൽകിയ ആറ് നേതാക്കളെ കഴിഞ്ഞയാഴ്ച പാർട്ടിയിൽനിന്ന് പുറത്താക്കി

ഷിംല : അമിത് ഷാ ഇറങ്ങിയിട്ടും വിമത ഭീഷണിയിൽ നട്ടം തിരിഞ്ഞ് ഹിമാചൽ പ്രദേശിൽ ബിജെപി. നേതൃത്ത്വത്തെ വെല്ലുവിളിച്ച് മുൻ സംസ്ഥാന ഉപാധ്യക്ഷൻ കുളുവിൽ സമാന്തര റാലി നടത്തി. 21 വിമതരാണ് ഇത്തവണ വെല്ലുവിളി ഉയർത്തുന്നതെന്നും, പരാതികൾ പരിഹരിച്ചെല്ലിങ്കിൽ പാർട്ടിക്ക് ഗുണമാകില്ലെന്നും സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന നേതാവും മുൻ എംപിയുമായ മഹേശ്വർ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുളുവിൽ തലങ്ങും വിലങ്ങും പായുകയാണ് റാം സിങ്ങിൻറെ പ്രചാരണ വാഹനങ്ങൾ. ദിവസങ്ങൾക്ക് മുൻപ് വരെ സംസ്ഥാന ബിജെപി ഉപാധ്യക്ഷനായിരുന്ന റാംസിംഗ് സദർ മണ്ഡലത്തിൽ ഇത്തവണ മത്സരിക്കുന്നത് ടെലിഫോൺ ചിഹ്നത്തിലാണ്. ഇന്നലെ കുളു നഗരത്തിൽ റാം സിംഗ് റാലിയും നടത്തി. 

ജെ പി നദ്ദയും അമിത് ഷായും സംസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് വിമതരെ അനുനയിപ്പിക്കാൻ ശ്രമിച്ചത്. പക്ഷേ കാര്യമായ ഫലം കണ്ടില്ല. തുടർന്ന് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ പത്രിക നൽകിയ ആറ് നേതാക്കളെ കഴിഞ്ഞയാഴ്ച പാർട്ടിയിൽനിന്ന് പുറത്താക്കി. നാല് എംഎൽഎമാരും രണ്ട് സംസ്ഥാന ഉപാധ്യക്ഷൻമാരുമാണ് പുറത്തായത്. ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോകുന്ന ഇവരെല്ലാം ഉയർത്തുന്നത് കനത്ത വെല്ലുവിളിയാണ്. 

പത്ത് മണ്ഡലങ്ങളുള്ള മണ്ഡിയിലും 15 മണ്ഡലങ്ങളുള്ള കാംഗ്രയിലും വിമത ഭീഷണി ശക്തമാണ്. മണ്ഡി സുന്ദർ നഗറിൽ മുൻമന്ത്രി രൂപ് സിംഗ് താക്കൂറിന്റെ മകൻ അഭിഷേക് താക്കൂർ, കുളു അന്നിയിൽ നിലവിലെ എംഎൽഎ കിഷോരി ലാൽ, കാംഗ്ര ഫത്തേപൂരിൽ മുൻ രാജ്യസഭാ എംപി കൃപാർ പാർമർ തുടങ്ങി 6 മണ്ഡലങ്ങളിൽ വിഐപി വിമതരാണ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ രംഗത്തുള്ളത്. കുളുവിൽ ബിജെപി ഔദ്യോഗിക സ്ഥാനാർത്ഥിയായി പത്രിക നൽകിയത് മുതിർന്ന നേതാവും എംപിയുമായിരുന്ന മഹേശ്വർ സിംഗായിരുന്നു. പക്ഷേ മകൻ ഹിതേശ്വർ തൊട്ടടുത്ത മണ്ഡലമായ ബഞ്ചാറിൽ വിമതനായതോടെ മഹേശ്വർ സിംഗിനോട് പത്രിക പിൻവലിക്കാൻ പാർട്ടി നിർദേശിച്ചു. സംഘടനയിൽ സ്ക്രീനിംഗ് ശക്തമാക്കണമെന്നും ഈ സാഹചര്യം തുടർന്നാൽ പാർട്ടിക്ക് ഗുണമാകില്ലെന്നും മഹേശ്വർ സിംഗ് മുന്നറിയിപ്പ് നൽകുന്നു. 

click me!