തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം; ട്രംപിനായി പ്രത്യേക പൂജയുമായി ഹിന്ദുസേന

By Web TeamFirst Published Nov 3, 2020, 7:24 PM IST
Highlights

മുപ്പത് മിനിറ്റോളം നീണ്ട പൂജയില്‍ ഡൊണാള്‍ഡ് ട്രംപിന് അനുഗ്രഹം ലഭിക്കാന്‍ വേണ്ടിയുള്ള പ്രത്യേക പൂജകള്‍ നടത്തിയെന്നാണ് ഹിന്ദു സേനാംഗങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞത്. 

ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും തെരഞ്ഞെടുക്കാനായി പൂജയുമായി ഹിന്ദുസേന. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരാന്‍ ണിക്കൂറുകള് മാത്രം ശേഷിക്കുമ്പോഴാണ് പ്രത്യേക പ്രാര്‍ത്ഥനയും പൂജയും നടന്നത്. ദില്ലിയിലെ ക്ഷേത്രത്തിലാണ് പ്രത്യേക പൂജകള്‍ നടത്തിയത്. 

കിഴക്കന്‍ ദില്ലിയിലെ ക്ഷേത്രത്തില്‍ പൂജാരിയുടെ സാന്നിധ്യത്തിലായിരുന്നു ഹിന്ദുസേനയുടെ പ്രാര്‍ത്ഥനയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. മുപ്പത് മിനിറ്റോളം നീണ്ട പൂജയില്‍ ഡൊണാള്‍ഡ് ട്രംപിന് അനുഗ്രഹം ലഭിക്കാന്‍ വേണ്ടിയുള്ള പ്രത്യേക പൂജകള്‍ നടത്തിയെന്നാണ് ഹിന്ദു സേനാംഗങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞത്. 

ഇസ്ലാമിക തീവ്രവാദങ്ങള്‍ക്കെതിരായ പോരാട്ടത്തിന് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ എത്തണമെന്നാണ് പൂജ നിര്‍വ്വഹിച്ച പൂജാരി വേദ ശാസ്ത്രി ഇന്ത്യ ടുഡേയോട് വിശദമാക്കിയത്. പ്രത്യേക ശ്ലോകങ്ങളാണ് ട്രംപിന് വേണ്ടി ഉരുവിട്ടതെന്നും പൂജാരി വിശദമാക്കുന്നു. ട്രംപ് അധികാരത്തിലെത്താന്‍ ഇതിന് മുന്‍പുള്ള തെരഞ്ഞെടുപ്പ് കാലത്തും പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നുവെന്നും അത് ഫലം കണ്ടുവെന്നുമാണ് ഹിന്ദു സേന പ്രസിഡന്‍റ് വിഷ്ണു ഗുപ്ത ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്. 


ലോകത്തിന് വേണ്ടി മാത്രമല്ല ഇന്ത്യ അമേരിക്ക ബന്ധം ശക്തമാകാന്‍ ട്രംപ് അധികാരത്തില്‍ വരണമെന്നുമാണ് ഹിന്ദു സേനയുടെ ആഗ്രഹം. ഇതിന് മുന്‍പ് ദില്ലി ജന്തര്‍ മന്ദറില്‍ ട്രംപിന്‍റെ പിറന്നാള്‍ വമ്പന്‍ കേക്ക് മുറിച്ച് ഹിന്ദു സേന ആഘോഷിച്ചിരുന്നു. 

ചിത്രത്തിന് കടപ്പാട് ഇന്ത്യ ടുഡേ

click me!