ഗ്രാനൈറ്റ് വ്യവസായി ആർ വീരമണി പ്രതിയായ പോക്സോ കേസിൽ ഡിഎംകെ സർക്കാരിനെ കടന്നാക്രമിച്ച് വിജയ്. വീരമണിക്കെതിരെ ഡിഎംകെ സർക്കാർ നടപടിയെടുത്തില്ലെന്നും ടിവികെ സർക്കാരാണ് ജയിലിൽ അടച്ചതെന്നും വിജയ് പറഞ്ഞു.

ചെന്നൈ: തമിഴ്നാട്ടിൽ ഗ്രാനൈറ്റ് വ്യവസായി ആർ വീരമണി പ്രതിയായ പോക്സോ കേസിൽ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. വർഷങ്ങളായി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടന്നിട്ടും ഡിഎംകെ സർക്കാർ നടപടിയെടുത്തില്ലെന്ന് വിജയ് വിമർശിച്ചു. വീരമണിയെ ടിവികെ സർക്കാരാണ് ജയിലിലടച്ചതെന്നും ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. മധുരാന്തകം നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടിവികെ സ്ഥാനാർത്ഥി കെ മരഗതത്തിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിജയ്.

"ഇപ്പോൾ തികച്ചും വിചിത്രമായ ഒരു കാര്യമാണ് നടക്കുന്നത്. ഈ വിഷയം ഇവിടെ ഉന്നയിക്കേണ്ടതില്ലെന്നാണ് ഞാൻ ആദ്യം കരുതിയത്, എന്നാൽ ഒരാൾ തമിഴ്‌നാട്ടിലെ യുവതികളെയും കുട്ടികളെയും വർഷങ്ങളായി ചൂഷണം ചെയ്തുവരികയായിരുന്നു. മുൻ ഡിഎംകെ ഭരണകാലത്താണ് ഈ കേസ് പുറത്തുവന്നതെങ്കിലും ഇക്കാര്യവും ഇതിന്റെ ചരിത്രവും നിശബ്ദമായി കുഴിച്ചുമൂടപ്പെടുകയായിരുന്നു. സാർ, എന്ത് തരത്തിലുള്ള ഇടപാടാണ് അവിടെ നടന്നത്?"- വിജയ് ചോദിച്ചു.

"എന്തായിരുന്നു ആ ഇടപാട് എന്ന് തമിഴ്നാട് ചോദിക്കുകയാണ്. സ്റ്റാലിൻ സാർ, നിങ്ങൾ വായ തുറക്കൂ, നിങ്ങളോടൊപ്പം കൈകോർത്ത് അണ്ണാ ഡിഎംകെയും വായ തുറക്കുന്നില്ല. ഈ വിഷയത്തിൽ പോലും ഒരു ഒത്തുകളി വേണോ, ഈ കാര്യത്തിലും ഒരു ധാരണയുണ്ടാക്കി നിങ്ങൾ വായ തുറക്കാതിരിക്കുകയാണോ?"- വിജയ് ചോദിച്ചു.

"ഞങ്ങളാണ് ആ വ്യക്തിയെ ജയിലിലടച്ചത്. ഈ കൊച്ചുകുട്ടികളുടെ വേദനയും ദുരന്തവും കണ്ട് നിങ്ങൾക്ക് മുന്നോട്ടുവരാനും അതിനെക്കുറിച്ച് സംസാരിക്കാനും സാധിക്കുന്നില്ലെങ്കിൽ, ഇത്രയും വർഷമായി നിങ്ങൾ എന്ത് തരത്തിലുള്ള രാഷ്ട്രീയമാണ് പയറ്റുന്നത്? വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ ഡിഎംകെയെയും സഖ്യകക്ഷികളെയും തക്കതായ പാഠം പഠിപ്പിക്കണം"- വിജയ് പറഞ്ഞു.

വീരമണി പോക്സോ കേസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 29നാണ് ജെം ഗ്രാനൈറ്റ്സ് ചെയർമാൻ ആർ വീരമണി (84) യെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വീരമണിക്ക് പുറമേ, സഹായികളായ ശാന്തി, മഹേന്ദ്ര സിംഹാൻ, ഗണേഷൻ എന്നിവരും പോക്സോ കേസിൽ അറസ്റ്റിലായിരുന്നു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു വീരമണിയുടെ അറസ്റ്റ്. പുഴൽ സെൻട്രൽ ജയിലിൽ കഴിയുന്ന വീരമണിയുടെ റിമാൻഡ് കാലാവധി ചെന്നൈയിലെ പോക്സോ കോടതി ഒക്ടോബർ ഒൻപതുവരെ നീട്ടിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടത്താനായി തമിഴ്നാട് പൊലീസ് വനിതാ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.