മുംബൈയിൽ കനത്ത മഴ; തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Published : Jul 05, 2026, 10:22 PM IST
Mumbai Rain Holiday

Synopsis

മുംബൈയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ബ്രിഹൺമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) ആണ് അവധി പ്രഖ്യാപിച്ചത്. 

മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സർക്കാർ, മുനിസിപ്പൽ, സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമാണ്. നഗരത്തിൽ തിങ്കളാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ബ്രിഹൺമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) അറിയിച്ചു. അതേസമയം സർക്കാർ, സ്വകാര്യ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ വീടിന് പുറത്തിറങ്ങാവൂ എന്നും ബിഎംസി അഭ്യർത്ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ മുംബൈയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഞായറാഴ്ച രാവിലെ എട്ടുമണിവരെ ഉള്ള 24 മണിക്കൂറിനിടെ പലയിടങ്ങളിലും 200 മില്ലിമീറ്റലധികം മഴ പെയ്തിറങ്ങിയെന്നാണ് ബിഎംസിയുടെ കണക്ക്. ചിലയിടങ്ങളിൽ 300 മില്ലിമീറ്ററിലധികവും മഴ ലഭിച്ചു. മഴക്കെടുതിയിൽ ഇതുവരെ സ്കൂൾ വിദ്യാർത്ഥി അടക്കം മൂന്നുപേർക്ക് ജീവൻ നഷ്ടമായി. ഞായറാഴ്ച കുർല വെസ്റ്റിൽ മരം കടപുഴകി വീണ് വയോധികൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. 63കാരനായ യൂനുസ് കുന്ദവാല ആണ് മരിച്ചത്.

ശക്തമായ മഴയും കാറ്റും കാരണം മുംബൈയിലെ ഛത്രപതി ശിവാജി വിമാനത്താവളത്തിൻ്റെ പ്രവർത്തനം ഞായറാഴ്ച രാവിലെ ഒരുമണിക്കൂറോളം നിർത്തിവെച്ചത് വിമാന സർവീസുകളെ ബാധിച്ചു. നാല് ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കുകയും വിവിധ കമ്പനികളുടെ 13 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. കാലാവസ്ഥ സാഹചര്യം അനുകൂലമായതിനെ തുടർന്ന് വഴിതിരിച്ചുവിട്ട വിമാനങ്ങൾ പിന്നീട് മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്നും അടിയന്തര സഹായത്തിനായി 1916 എന്ന ഹെൽപ്പ്ലൈൻ നമ്പരിൽ ബന്ധപ്പെടാമെന്നും ബിഎംസി അറിയിച്ചിട്ടുണ്ട്. അതേസമയം ബിജെപി ഭരിക്കുന്ന മുംബൈ കോർപറേഷന് മഴക്കാല മുന്നൊരുക്കത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രം, ഫ്ലാറ്റിൻ്റെ മൂന്നാം നിലയിൽനിന്ന് വീണ് യുവതി മരിച്ചു; കൊലപാതകമെന്ന് കുടുംബം
വിചിത്ര ആവശ്യവുമായി വിഎച്ച്പി, 'അയോധ്യ കൊള്ളയിൽ പ്രിയങ്കയും കെജ്രിവാളുമടക്കമുള്ളവരോട് തെളിവ് തേടണം'; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്