ദില്ലിയിൽ യുവതി കെട്ടിടത്തിൽനിന്ന് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് ആരോപണം. 28കാരിയായ അക്രിതി സുതാർ ആണ് മരിച്ചത്. ഫ്ലാറ്റിലെ മൂന്നാം നിലയിൽനിന്ന് വീണാണ് യുവതി മരിച്ചത്. 

ദില്ലി: ദില്ലിയിൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽനിന്ന് വീണ് യുവതി മരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. പുഷ്പ് വിഹാർ സ്വദേശി അക്രിതി സുതാർ (28) യുടെ മരണത്തിലാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനത്തെച്ചൊല്ലി യുവതിയെ പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച ലോധി കോളനിയിലെ പാലിക കുഞ്ചിലുള്ള പാർപ്പിട സമുച്ചയമായ എൻഡിഎംസി ഫ്ലാറ്റിൻ്റെ ബി ബ്ലോക്കിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ അക്രിതിയെ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിലത്ത് വീണുകിടന്ന യുവതിയെ കണ്ട മറ്റ് താമസക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

യുവതി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നാണ് കുടുംബം പറയുന്നത്. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും ഭർതൃമാതാപിതാക്കളും ചേർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. കുറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടി സഹോദരിയുടെ മരണം ആത്മഹത്യയാക്കാൻ ശ്രമം നടക്കുന്നതായി അനുജൻ പറഞ്ഞു. സഹോദരി വളരെ ഉത്തരവാദിത്തവും മാനസികമായി കരുത്തുമുള്ള ആളായിരുന്നുവെന്ന് അനുജൻ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ഏപ്രിൽ 24നാണ് അരസ്തു സിക്കയുമായി അക്രിതി വിവാഹിതയായത്. പ്രണയത്തെ തുടർന്ന് ബന്ധുക്കളുടെ അനുവാദത്തോടെയായിരുന്നു വിവാഹം. ഛത്തർപുരിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു അക്രിതി. വിവാഹ ശേഷം ഭർത്താവിൽനിന്ന് അക്രിതിക്ക് മർദനമേറ്റിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ കുടുംബാംഗങ്ങളുടെയും സാക്ഷികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.