വടക്ക് കിഴക്കൻ ദില്ലിയിലെ സ്‍കൂളുകള്‍ക്ക് നാളെ അവധി: പരീക്ഷകള്‍ മാറ്റി,സംഘര്‍ഷത്തില്‍ മരണം നാലായി

By Web TeamFirst Published Feb 24, 2020, 10:11 PM IST
Highlights

കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ നൽകരുതെന്ന് മാധ്യമങ്ങളോട് ദില്ലി പൊലീസ് ആഭ്യർത്ഥിച്ചു. കജുരി ഖാസിൽ കൂടുതൽ സേനയെ വ്യന്യസിച്ചിരിക്കുകയാണ്.

ദില്ലി: പൗരത്വ നിയമ പ്രതിഷേധങ്ങളെച്ചൊല്ലി സംഘര്‍ഷം നടന്ന വടക്ക് കിഴക്കന്‍ ദില്ലിയിലെ സ്‍കൂളുകള്‍ക്ക് നാളെ അവധി. നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുമായി സംസാരിച്ചെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.  ഭജൻപുരയിൽ വീണ്ടും വാഹനങ്ങൾക്ക് തീയിട്ടു. കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ നൽകരുതെന്ന് മാധ്യമങ്ങളോട് ദില്ലി പൊലീസ് ആഭ്യർത്ഥിച്ചു. കജുരി ഖാസിൽ കൂടുതൽ സേനയെ വ്യന്യസിച്ചിരിക്കുകയാണ്.

അതേസമയം വടക്കു കിഴക്കന്‍ ദില്ലിയിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ മരിച്ചു. കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹെഡ് കോൺസ്റ്റബിൾ രതൻലാലും മൂന്ന് നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. 45 പേർക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റെന്ന് പൊലീസ് അറിയിച്ചു. ഷാഹ്ദരാ ഡിസിപിക്കും പരിക്കുണ്ട്. ഡോണൾഡ്‌ ട്രംപിന്‍റെ സന്ദർശനത്തിനിടെയാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ രാജ്യ തലസ്ഥാനം  പുകയുന്നത്. നിയമത്തെ അനുകൂലിക്കുന്നവരും സമരക്കാരും മൗജ്പൂരിൽ ഏറ്റുമുട്ടുകയായിരുന്നു. നിരവധി വീടുകൾക്ക് തീയിടുകയും രണ്ട് കാറും ഓട്ടോറിക്ഷയും അഗ്‍നിക്കിരയാക്കുകയും ചെയ്‍തു. ഗോകുൽപുരി, ഭജൻപുര, ബാബർപൂർ എന്നിവിടങ്ങളിലേക്ക് പിന്നീട് സംഘർഷം വ്യാപിച്ചു. 

ഭജൻപുരയില്‍ അക്രമികളെ നേരിടാന്‍ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.  സുരക്ഷക്കായി 8 കമ്പനി സിആർപിഎഫിനെ വിന്യസിച്ചിട്ടുണ്ട്. സംഘർഷങ്ങൾ നിയന്ത്രണ വിധേയമെന്ന് പൊലീസ് പറയുമ്പോഴും വിവിധയിടങ്ങളിൽ അക്രമം തുടരുകയാണ്. ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള  നീക്കമാണ് നടക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഢി പ്രതികരിച്ചു. ക്രമസമാധാനം ഉറപ്പു വരുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷായോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. ജനങ്ങൾ സംയമനം പാലിക്കണമെന്ന് രാഹുൾ ഗാന്ധി ആഭ്യർത്ഥിച്ചു.  
 

click me!