
ഓസ്ട്രേലിയയിൽ നരേന്ദ്ര മോദി താമസിച്ച ഹോട്ടലിൽ തീവ്രവലതുപക്ഷ വാദി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു. ഇന്ത്യക്കാരുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്ന് വിളിച്ചു പറഞ്ഞാണ് ഹ്യൂഗോ ലെനോൺ എന്നയാൾ ബഹളം വച്ചത്. വ്യാപാര കരാർ എല്ലാ അർത്ഥത്തിലും നടപ്പാക്കാൻ ന്യൂസിലൻഡിൽ പ്രധാനമന്ത്രി ഇന്ന് നടത്തിയ ചർച്ചകളിൽ ധാരണയായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയിൽ തങ്ങിയ ഹോട്ടലിലാണ് ഒരാൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. പ്രധാനമന്ത്രി ലോബിയിൽ നിന്ന് നടന്നു നീങ്ങിയ ഉടനെയാണ് ഹ്യൂഗോ ലെനോൺ എന്നയാൾ ഓസ്ട്രേലിയയിൽ ഇന്ത്യക്കാർ വേണ്ടെന്ന് വിളിച്ചു പറഞ്ഞത്. ഓസ്ട്രേലിയയ ഓസ്ട്രേലിയക്കാർക്കുള്ളതെന്ന് പറഞ്ഞും ഇയാൾ ബഹളം വച്ചു. ഹോട്ടലിൻറെ ബാൽക്കണിയിൽ നിന്ന് മുദ്രാവാക്യം വിളിച്ച ഇയാളെ പൊലീസ് ഉടൻ നീക്കി. തീവ്ര വലതുപക്ഷ കൂട്ടായ്മയിലെ അംഗമാണിയാൾ എന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതീവ സുരക്ഷയുള്ള ഹോട്ടലിൽ എങ്ങനെ ഇയാൾക്ക് കയറാനായെന്ന് ഇന്ത്യൻ ഏജൻസികളും പരിശോധിക്കുകയാണ്.
പിന്നീട് മോദി ഇന്ത്യൻ സമൂഹത്തോട് സംസാരിച്ച മർവൻ സ്റ്റേഡിയത്തിനു മുന്നിലും ഇതേ സംഘം എത്തി പ്രതിഷേധിച്ചു. ഇന്ത്യക്കാരുടെ കുടിയേറ്റം വേണ്ടെന്നാണ് ഈ ഗ്രൂപ്പ് നിരന്തരം വാദിക്കുന്നത്. മോദിക്കൊപ്പം പ്രവാസികളുടെ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബണീസ് ഇന്ത്യക്കാർ നല്കുന്ന സംഭാവനയെ പുകഴ്ത്തിയിരുന്നു.
ഓസ്ട്രേലിയയിൽ നിന്ന് ഇന്നലെ ന്യൂസിലാൻഡിൽ എത്തിയ മോദി ഇന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ ന്യൂസിലാൻഡ് വ്യാപാര കരാർ നടപ്പാക്കുന്നതിനുള്ള രൂപരേഖ രണ്ടു നേതാക്കളും തയ്യാറാക്കി. പരസ്പര വ്യാപാരം 35000 കോടി രൂപയുടേതാ്ക്കി ഉയർത്താനും ധാരണയായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam