മദ്യം കഴിച്ച 200 ഓളം പേരെ ഗുരുതരാവസ്ഥയില്‍ ഇംഫാലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.

ഇംഫാല്‍: മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ വ്യാജ വിഷമദ്യം കഴിച്ച് 17 പേർ മരിച്ചതായി റിപ്പോർട്ടുകൾ. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ചന്ദേല്‍ ജില്ലയിലെ ചക്പികരോങ് മേഖലയിലാണ് ദാരുണമായ ദുരന്തം സംഭവിച്ചത്. 200 ഓളം പേരെ ഗുരുതരാവസ്ഥയില്‍ ഇംഫാലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് വെള്ളിയാഴ്ച വൈകുന്നേരം ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷമാണ് മരണസംഖ്യയും ചികിത്സയിലുള്ളവരുടെ വിവരങ്ങളും പുറത്തുവിട്ടത്.

ലാംഫെല്‍പാട്ടിലെ ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലുമാണ് വിഷമദ്യം കുടിച്ച ഗുരുതാവസ്ഥയിലായവരെ പ്രവേശിപ്പിച്ചത്. ചക്പികരോങ് മേഖലയിൽ നിന്ന് മദ്യം കഴിച്ച് അസ്വസ്ഥത ഉണ്ടായവർ ചികിത്സ തേടണമെന്ന് സർക്കാർ നിർദ്ദേശം നൽകി. മൂന്ന് ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ആശുപത്രി അധികൃതർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ജനറൽ മെഡിസിൻ വിഭാഗത്തിലെ വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘത്തെയും അവശ്യമരുന്നുകളും ചന്ദേൽ ജില്ലയിലേക്ക് അയച്ചിട്ടുണ്ട്.

സംഭവത്തിൽ സർക്കാർ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, ചികിത്സയിലുള്ളവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇരകൾ കഴിച്ച മദ്യം ചന്ദേൽ ജില്ലയിൽ നിർമ്മിച്ചതല്ലെന്നും, മറിച്ച് തൊട്ടടുത്ത കാക്ചിംഗ് ജില്ലയിലെ സുഗ്നുവിൽ നിന്നാണ് എത്തിച്ചതെന്നും ചന്ദേൽ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. ജില്ലയിൽ അനധികൃത മദ്യനിർമ്മാണം നടക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.