ബ്രിട്ടീഷ് വ്യോമയാന മാഗസിനായ ഫ്ലൈറ്റ് ഗ്ലോബലിന്റെ വേൾഡ് എയർഫോഴ്സ് ഡയറക്ടറി പുറത്ത് വിട്ട രേഖകളിൽ ഇന്ത്യക്ക് പ്രവർത്തന ക്ഷമമായ 32 റഫാൽ മാത്രമമാണ് ഉള്ളതെന്നായിരുന്നു വിശദമാക്കിയത്
ഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കൈവശം പ്രവർത്തനക്ഷമമായ 32 റഫാൽ വിമാനങ്ങൾ എന്ന വിവാദ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി. 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങിയിരുന്നത്. എന്നാൽ ബ്രിട്ടീഷ് വ്യോമയാന മാഗസിനായ ഫ്ലൈറ്റ് ഗ്ലോബലിന്റെ വേൾഡ് എയർഫോഴ്സ് ഡയറക്ടറി പുറത്ത് വിട്ട രേഖകളിൽ ഇന്ത്യക്ക് പ്രവർത്തന ക്ഷമമായ 32 റഫാൽ മാത്രമമാണ് ഉള്ളതെന്നായിരുന്നു വിശദമാക്കിയത്. ഈ റിപ്പോർട്ട് വലിയ രീതിയിൽ വിവാദമായതിന് പിന്നാലെയാണ് ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്തെ സേവനം ചെയ്തിരുന്ന ഇന്ത്യൻ വ്യോമസേന ഉപമേധാവിയായിരുന്ന എയർ മാർഷൽ നർമദേശ്വർ തിവാരിയുടെ പ്രതികരണം. വിമാനങ്ങളുടെ എണ്ണം കുറഞ്ഞതിന് കൃത്യമായ രേഖകളോ വിശദീകരണങ്ങളോ ഉൾപ്പെടുത്താതെയായിരുന്നു ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനമെന്താണെന്നാണ് എയർ മാർഷൽ നർമദേശ്വർ തിവാരി ചോദിക്കുന്നത്. നിങ്ങളുടെ റിപ്പോർട്ട് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തൂവെന്നാണ് എയർ മാർഷൽ നർമദേശ്വർ തിവാരി എക്സിലെ കുറിപ്പിൽ വിശദമാക്കുന്നത്.
വ്യോമസേനയുടെ ആദ്യ റഫാൽ വനിതാ പൈലറ്റായ സ്ക്വാഡ്രൻ ലീഡർ ശിവാംഗി സിംഗ് പാക് പിടിയിലായെന്ന പാക് പ്രചാരണം പോലെ തന്നെയാണ് പുതിയ അവകാശവാദമെന്നാണ് നർമദേശ്വർ തിവാരി വിശദമാക്കുന്നത്. ഫ്ലൈറ്റ് ഗ്ലോബലിന്റെ ഡയറക്ടറിയിൽ ഇന്ത്യൻ വ്യോമസേനയുടെ പട്ടികയിലാണ് റഫാൽ വിമാനങ്ങളുടെ പുതുക്കിയ എണ്ണം നൽകിയിരുന്നത്. യുദ്ധവിമാനങ്ങളുടെ വിഭാഗത്തിൽ റഫാൽ എന്നതിന് നേരെ പ്രവർത്തനക്ഷമമായവയുടെ കോളത്തിൽ 32 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. റഫാലിന്റെ ഇരട്ട സീറ്റുള്ള 8 വിമാനങ്ങളും ഒറ്റ സീറ്റുള്ള 28 വിമാനങ്ങളുമാണ് ഇന്ത്യ വാങ്ങിയത്. ഇതേ റിപ്പോർട്ടിൽ പാകിസ്ഥാന്റെ പക്കലുള്ള സാബ് 2000 എറിഐ വിമാനങ്ങളുടെ എണ്ണം ഒമ്പതിൽ നിന്ന് ഏഴായി കുറച്ചാണ് കാണിച്ചിരിക്കുന്നത്.















