
ദില്ലി: ഏഴാം ശമ്പള കമ്മീഷന്‍റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിക്കാനിരിക്കെ, എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും. കമ്മീഷന്‍റെ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ശമ്പള പരിഷ്കരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. 2025 നവംബറിൽ കേന്ദ്ര ധനമന്ത്രാലയം എട്ടാം ശമ്പള കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതനുസരിച്ച് 2027 പകുതിയോടെ മാത്രമേ റിപ്പോർട്ട് പൂർണ്ണമായും തയ്യാറാവുകയുള്ളൂ. നിയമപരമായ നടപടിക്രമങ്ങളും റിപ്പോർട്ട് സമർപ്പിക്കലും വൈകുമെന്നതിനാൽ, വർദ്ധിപ്പിച്ച ശമ്പളം കൈകളിൽ എത്താൻ 2026-27 സാമ്പത്തിക വർഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാം. മുൻ കമ്മീഷനുകളുടെ കാലത്തും സമാനമായ കാലതാമസം ഉണ്ടായിരുന്നു.
നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് 20 ശതമാനം മുതൽ 35 ശതമാനം വരെ ശമ്പള വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. ഫിറ്റ്‌മെന്റ് ഫാക്ടർ 2.4നും 3.0നും ഇടയിലാകാൻ സാധ്യതയുണ്ട്. ആറാം ശമ്പള കമ്മീഷനിൽ ശരാശരി 40 ശതമാനവും ഏഴാം കമ്മീഷനിൽ 23 മുതൽ 25 ശതമാനം വരെയുമായിരുന്നു വർദ്ധനവ്.
പണപ്പെരുപ്പം, സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി, 16-ാം ധനകാര്യ കമ്മീഷന് ശേഷമുള്ള നികുതി വരുമാനം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ ശമ്പള വർദ്ധനവ് നിശ്ചയിക്കുക. ജീവനക്കാർക്ക് ഗുണകരമാകുന്ന രീതിയിൽ അലവൻസുകളിലും ഡിഎ പുനഃക്രമീകരണത്തിലും സർക്കാർ ബാലൻസ്ഡ് ആയ സമീപനം സ്വീകരിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു.
2026 ജനുവരി 1 മുതലുള്ള മുൻകാല പ്രാബല്യത്തോടെയുള്ള കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കും. എന്നാൽ വർദ്ധിപ്പിച്ച ശമ്പളം ബാങ്ക് അക്കൗണ്ടുകളിൽ എത്താൻ മാസങ്ങൾ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നേക്കാം. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച ശേഷം കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അനുമതി ലഭിച്ചാലുടൻ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam