
ദില്ലി: ഹൈഡ്രജൻ ട്രെയിനുകൾ ഈ വർഷം തന്നെ ഓടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഡിസംബർ മുതൽ ഹൈഡ്രജൻ ട്രെയിനുകൾ ഓടി തുടങ്ങും. ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്തു നിർമ്മിക്കുന്ന സമ്പൂർണ മെയ്ക്ക് ഇൻ ഇന്ത്യ ട്രെയിനുകളാവും ഇവ. കൽക്ക - ഷിംല പോലെയുള്ള പൈതൃക പാതകളിലൂടെയാവും ഹൈഡ്രജൻ ട്രെയിനുകൾ ആദ്യം സർവ്വീസ് നടത്തുക. പിന്നീട് ഇവ മറ്റു റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുമെന്നും ദില്ലിയിൽ മാധ്യമങ്ങളെ കണ്ട റെയിൽവേ മന്ത്രി വ്യക്തമാക്കി.
ചെന്നൈയിലെ ഇൻ്റർഗ്രൽ കോച്ച് ഫാക്ടറി കൂടാതെ, ഹരിയാനയിലെ സോനിപത്തിലും മഹാരാഷ്ട്രയിലെ ലാത്തൂരിലും യുപിയിലെ റായ്ബറേലിയിലും വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കും. കൂടുതൽ ട്രെയിനുകൾ എത്തുന്നതോടെ ഇന്ത്യയുടെ എല്ലാ കോണിലേക്കും വന്ദേഭാരത് ട്രെയിനുകളോടിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം യഥാർത്ഥ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വന്ദേഭാരത് ട്രെയിനുകളുടെ ഉത്പാദനം കൂടുതൽ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് അവതരിപ്പിച്ച കേന്ദ്രബജറ്റിൽ 2.41 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി അനുവദിച്ചത്. ഇതൊരു വലിയ മാറ്റമാണ്. രാജ്യത്തെ ട്രെയിൻ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനും കൂടുതൽ സൗകര്യങ്ങൾ അനുവദിക്കാനും ഇതിലൂടെ സാധിക്കും. 'അമൃത് ഭാരത് സ്റ്റേഷൻ' പദ്ധതി പ്രകാരം 1275 സ്റ്റേഷനുകൾ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അഹമ്മദാബാദ് - മുംബൈ 'ബുള്ളറ്റ് ട്രെയിൻ പദ്ധതി' അതിവേഗം പുരോഗമിക്കുകയാണ്. ഉദ്ധവ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് ബുള്ളറ്റ് പദ്ധതിക്ക് പല അനുമതികളും ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ സ്ഥിതി. സർക്കാർ തലത്തിൽ ലഭിക്കേണ്ട എല്ലാ അനുമതികളും പദ്ധതിക്ക് ലഭിച്ചു കഴിഞ്ഞു - റെയിൽവേ മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam