
അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ ക്ഷേത്രങ്ങളുടെ ചുമരിൽ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. സിസിടിവി ദൃശ്യങ്ങളുടെയും ഫോണ്‍ കോൾ വിശദാംശങ്ങളുടെയും സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ജിശാന്ത് കുമാർ, ആകാശ് കുമാർ, ദിലീപ് കുമാർ, അഭിഷേക് സർസ്വത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാമത്തെ പ്രതിയായ രാഹുൽ നിലവിൽ ഒളിവിലാണ്. മനഃപൂർവം മതസ്പർധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 25നാണ് ഭഗവാൻപൂർ, ബുലാഖിഗഡ് ഗ്രാമങ്ങളിലെ ക്ഷേത്രമതിലുകളിൽ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കൃത്യമായ ഇടപെടൽ വർഗീയ കലാപം ഒഴിവാക്കിയെന്നും പൊലീസ് പറഞ്ഞു. അയൽക്കാരായ ഇതരമതവിഭാഗങ്ങളെ കേസിൽപ്പെടുത്തുക എന്ന ലക്ഷ്യവും പ്രതികൾക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ചുമരെഴുത്തിലെ അക്ഷരത്തെറ്റാണ് പ്രതികളെ പിടികൂടാൻ സഹായിച്ചതെന്ന് അലിഗഡ് സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) നീരജ് കുമാർ ജാദൗൺ പറഞ്ഞു. മുഹമ്മദ് എന്ന് ഇംഗ്ലീഷിൽ തെറ്റായാണ് എഴുതിയിരുന്നത്. അടുത്തിടെ നടന്ന പ്രതിഷേധങ്ങളിൽ ബാനറുകളിൽ കണ്ട രീതിയിലായിരുന്നില്ല എഴുത്തെന്നത് പൊലീസിന് സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കെത്തിയത്. പ്രതികളിലൊരാൾക്ക് അയൽവാസിയുമായുള്ള ഭൂമി സംബന്ധമായതുമായ തർക്കങ്ങളും പ്രശ്നത്തിന് കാരണമാണെന്ന് കണ്ടെത്തി. അറസ്റ്റിലായവരിൽ ഒരാളായ ജിശാന്ത് കുമാറിന് മുസ്തകീം എന്നയാളുമായി വഴക്കും വിവിധ കേസുകളും ഉണ്ടായിരുന്നു. കൂടാതെ, ഒളിവിൽ കഴിയുന്ന പ്രതി രാഹുൽ, മറ്റൊരു മുസ്ലീം കുടുംബാംഗമായ ഗുൽ മുഹമ്മദുമായി സ്വത്ത് തർക്കത്തിലാണ്. ഇവരെ കേസിൽപ്പെടുത്തുക എന്നതും പ്രതികളുടെ ലക്ഷ്യമായിരുന്നു. അതോടൊപ്പം വർഗീയ സംഘർഷം സൃഷ്ടിക്കുക എന്നതും പ്രതികൾ ലക്ഷ്യമിട്ടെന്ന് പൊലീസ് പറഞ്ഞു. ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മൗലവി മുസ്തഖീം, ഗുൽ മുഹമ്മദ്, മറ്റ് നിരവധിപേരുടെ പേരിൽ പ്രതികൾ പരാതി നൽകി.
അറസ്റ്റിനുശേഷം, പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിലെ ശത്രുത വളർത്തൽ, പൊതുസമാധാനം തകർക്കൽ എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നേരത്തെ ഫയൽ ചെയ്ത കേസ് പിൻവലിക്കുമെന്ന് എസ്എസ്പി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam