
ദില്ലി: മരണത്തെ മുന്നിൽക്കണ്ടെന്ന് ആകാശച്ചുഴിയിൽ അകപ്പെട്ട വിമാനത്തിലുണ്ടായിരുന്ന രാജ്യസഭാ എംപി സാഗരിക ഘോഷ്. ഡൽഹി-ശ്രീനഗർ ഇൻഡിഗോ വിമാനമാണ് പ്രതികൂല കാലാവസ്ഥയിൽ ആകാശച്ചുഴിയിൽ അകപ്പെട്ടത്. 260 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
"ജീവിതം അവസാനിച്ചുവെന്ന് തോന്നി. ആളുകൾ നിലവിളിക്കുകയും പ്രാർത്ഥിക്കുകയും പരിഭ്രാന്തരാകുകയും ചെയ്തു. അതീവ ഗുരുതര സാഹചര്യത്തെ മറികടന്ന പൈലറ്റിന് അഭിനന്ദനങ്ങൾ. വിമാനം ലാൻഡ് ചെയ്തപ്പോൾ മുൻഭാഗം തകർന്ന നിലയിലായിരുന്നു"- സാഗരിക ഘോഷ് പറഞ്ഞു.
മെയ് 21 ന് വൈകുന്നേരമാണ് ഇൻഡിഗോ വിമാനം 6E 2142 ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ടത്. പെട്ടെന്നുള്ള ആലിപ്പഴ വീഴ്ചയെ തുടർന്ന് വിമാനം അപകടാവസ്ഥയിലൂടെ കടന്നുപോയി. പൈലറ്റ് ശ്രീനഗറിലെ എയർ ട്രാഫിക് കൺട്രോളിൽ അടിയന്തര സാഹചര്യം റിപ്പോർട്ട് ചെയ്തു. വിമാനം ആടിയുലഞ്ഞപ്പോൾ പരിഭ്രാന്തരായ യാത്രക്കാർ പ്രാർത്ഥിക്കുന്ന വീഡിയോ പുറത്തുവന്നു. ശ്രീനഗർ വിമാനത്താവളത്തിൽ വൈകുന്നേരം 6:30 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പൈലറ്റിന്‍റെയും മറ്റ് ജീവനക്കാരുടെയും സമയോചിത ഇടപെടൽ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്.
വിമാനത്തിൽ സാഗരിക ഘോഷിനൊപ്പം ഡെറിക് ഒബ്രയാൻ, നദിമുൽ ഹഖ്, മനസ് ഭൂനിയ, മമത താക്കൂർ എന്നീ തൃണമൂൽ കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നു. മെയ് 23 വരെ ടിഎംസി അഞ്ചംഗ പ്രതിനിധി സംഘം ജമ്മു കശ്മീരിൽ തങ്ങുകയും ശ്രീനഗറിന് പുറമെ പൂഞ്ചും രജൗരിയും സന്ദർശിക്കുകയും ചെയ്യും. അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാനുമാണ് പ്രതിനിധി സംഘത്തിന്‍റെ യാത്ര.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം