ഇന്ത്യൻ വ്യോമസേന ആദ്യ അപ്പാചി ഗാർഡിയൻ അറ്റാക് ഹെലികോപ്റ്റർ സ്വന്തമാക്കി

By Web TeamFirst Published May 11, 2019, 11:13 AM IST
Highlights

അമേരിക്കയിലെ അരിസോണയിലുള്ള ഹെലികോപ്റ്റർ നിർമ്മാണ ശാലയിൽ നിന്നാണ് വ്യോമസേന അധികൃതർ അപ്പാചി ഗാർഡിയൻ അറ്റാക് ഹെലികോപ്റ്റർ ഏറ്റുവാങ്ങിയത്

അരിസോണ: ഇന്ത്യൻ വ്യോമസേനയുടെ സൈനിക സമ്പത്തിൽ ഇനി കരുത്തുറ്റ അപ്പാചി ഗാർഡിയൻ അറ്റാക് ഹെലികോപ്റ്ററും. അമേരിക്കയിലെ അരിസോണയിലുള്ള ഹെലികോപ്റ്റർ നിർമ്മാണ ശാലയിൽ നിന്ന് ഇന്ത്യൻ വ്യോമസേനയ്ക്കായുള്ള ആദ്യ അപ്പാചി ഗാർഡിയൻ അറ്റാക് ഹെലികോപ്റ്റർ അധികൃതർ ഏറ്റുവാങ്ങി.

മുൻപ്, 2015 സെപ്റ്റംബറിലാണ് 22 അപ്പാചി ഗാർഡിയൻ അറ്റാക് ഹെലികോപ്റ്ററിന് വേണ്ടി ഇന്ത്യ കരാർ ഒപ്പിട്ടത്. ജൂലൈയോടെ കടൽമാർഗ്ഗം ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ജീവനക്കാർക്കും അലബാമയിൽ വച്ച് പ്രത്യേക പരിശീലനം നൽകിക്കഴിഞ്ഞു.

വ്യോമസേനയുടെ ഹെലികോപ്റ്റർ ശേഷിയുടെ ആധുനിക വത്കരണം ലക്ഷ്യമിട്ടാണ് അപ്പാച്ചി ഗാർഡിയൻ അറ്റാക് ഹെലികോപ്റ്ററുകൾ വാങ്ങിയത്. ആകാശത്ത് ദൂരം പാലിച്ച് കൃത്യമായി ആക്രമണം നടത്താൻ ഈ ഹെലികോപ്റ്ററുകൾക്ക് സാധിക്കും. പർവ്വത മേഖലകളിൽ ഇവ കൂടുതൽ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ. പ്രതികൂലമായ വ്യോമസാഹചര്യങ്ങളെ അനായാസം അതിജീവിച്ച് ഭൂമിയിൽ നിന്നുള്ള ഭീഷണികളെ നേരിടാൻ ഈ ഹെലികോപ്റ്ററുകൾക്ക് സാധിക്കും. യുദ്ധമുഖത്ത് നിന്നുള്ള ചിത്രങ്ങൾ പകർത്താനും കൈമാറാനും ഇതിലൂടെ സാധിക്കും. ഭാവിയിൽ കരസേനയ്ക്കും ഈ ഹെലികോപ്റ്ററുകൾ വളരെയേറെ ഉപകാരപ്പെടും.

 

 

 

click me!