ബുദ്ധപൂര്‍ണിമ ദിനത്തില്‍ ചാവേറാക്രമണത്തിന്‌ സാധ്യതയെന്ന്‌ മുന്നറിയിപ്പ്‌; പശ്ചിമ ബംഗാളില്‍ സുരക്ഷ ശക്തമാക്കി

By Web TeamFirst Published May 11, 2019, 2:17 PM IST
Highlights

പശ്ചിമബംഗാളും ബംഗ്ലാദേശും ഉള്‍പ്പെടുന്ന മേഖലയില്‍ ഭീകരര്‍ ആക്രമണം നടത്തുമെന്നാണ്‌ വിവരം ലഭിച്ചിരിക്കുന്നത്‌. ബുദ്ധമത ക്ഷേത്രത്തിലോ ഹിന്ദു ക്ഷേത്രത്തിലോ ഗര്‍ഭിണിയായ സ്‌ത്രീയുടെ വേഷത്തില്‍ ചാവേര്‍ കയറിക്കൂടുമെന്നാണ്‌ റിപ്പോര്‍ട്ട്‌

ദില്ലി: ബുദ്ധപൂര്‍ണിമ ദിവസം ബംഗ്ലാദേശിലും പശ്ചിമബംഗാളിലും ചാവേര്‍ ആക്രമണത്തിന്‌ സാധ്യതയുണ്ടെന്ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോയുടെ മുന്നറിയിപ്പ്‌. ജമാഅത്ത്‌-ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ്‌ (JMB), ഇസ്ലാമിക്‌ സ്റ്റേറ്റ്‌ (IS) എന്നീ ഭീകരസംഘടനകള്‍ അക്രമണത്തിന്‌ പദ്ധതിയിടുന്നതായി സൂചന ലഭിച്ചെന്നാണ്‌ ഐബി മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. ഞായറാഴ്‌ച്ചയാണ്‌ ബുദ്ധപൂര്‍ണിമ.

പശ്ചിമബംഗാളും ബംഗ്ലാദേശും ഉള്‍പ്പെടുന്ന മേഖലയില്‍ ഭീകരര്‍ ആക്രമണം നടത്തുമെന്നാണ്‌ വിവരം ലഭിച്ചിരിക്കുന്നത്‌. ബുദ്ധമത ക്ഷേത്രത്തിലോ ഹിന്ദു ക്ഷേത്രത്തിലോ ഗര്‍ഭിണിയായ സ്‌ത്രീയുടെ വേഷത്തില്‍ ചാവേര്‍ കയറിക്കൂടുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ബംഗാള്‍ പ്രവിശ്യയില്‍ ഭീകരാക്രമണം നടത്തുമെന്ന തരത്തിലുള്ള ഭീഷണി സന്ദേശം രണ്ടാഴ്‌ച്ച മുമ്പ്‌ ഐഎസ്‌ അനുകൂല ടെലിഗ്രാം ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

വെള്ളിയാഴ്‌ച്ചയാണ്‌ ആക്രമണം സംബന്ധിച്ച മുന്നറിയിപ്പ്‌ പശ്ചിമബംഗാള്‍ സര്‍ക്കാരിന്‌ കേന്ദ്രസര്‍ക്കാര്‍ കൈമാറിയത്‌. ഇതെത്തുടര്‍ന്ന്‌ സംസ്ഥാനമെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. കൊളംബോ സ്‌ഫോടനത്തിന്‌ പത്ത്‌ ദിവസം മുമ്പ്‌ സമാനമായ രീതിയിലുള്ള മുന്നറിയിപ്പ്‌ ശ്രീലങ്കയ്‌ക്ക്‌ ലഭിച്ചിരുന്നെന്നും അവര്‍ അത്‌ അവഗണിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

click me!