ദില്ലി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട നിലയില്‍

By Web TeamFirst Published Feb 26, 2020, 3:01 PM IST
Highlights

ഐബി ഓഫീസറുടെ മരണത്തില്‍ ആശങ്ക രേഖപ്പെടുത്തി ദില്ലി ഹൈക്കോടതി

ദില്ലി: രാജ്യതലസ്ഥാനത്ത് കലാപന്തരീക്ഷം തുടരുന്നതിനിടെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഐബി ഓഫീസര്‍ അങ്കിത് ശര്‍മ്മയെ ആണ് വധിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഘര്‍ഷം നിലനില്‍ക്കുന്ന വടക്കുകിഴക്കിന്‍ ദില്ലിയിലാണ് അന്‍കിത് ശര്‍മ്മയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകുചാലില്‍ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദില്ലി പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

രണ്ട് ദിവസം മുന്‍പ് വീട്ടിലേക്ക് നടന്നു വരുന്ന വഴിയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായി എന്നാണ് വിവരം. ഒരു ഹെഡ് കോണ്‍സ്റ്റബിളിന്‍റെ മകനാണ് അന്‍കിത് ശര്‍മ്മ. അതേസമയം ഐബി ഉദ്യോഗസ്ഥന്‍റെ  കൊലപാതകത്തില്‍ കെജ്രാവാളിനും ആം ആദ്‍മി പാര്‍ട്ടിക്കുമെതിരെ ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്ത് എത്തി. ആം ആദ്‍മി പാര്‍ട്ടിക്കാരാണ് ഐബി ഉദ്യോഗസ്ഥനെ കൊല്പപെടുത്തിയതെന്നും സ്ഥലത്തെ മുന്‍സിപ്പല്‍ കൗണ്‍സിലറും ആം ആദ്‍മി നേതാവുമായ താഹിര്‍ ഹുസൈന്‍ ആണ് കൊലപാതകത്തിന് പിന്നിലെന്നും കപില്‍ മിശ്ര ആരോപിക്കുന്നു. താഹിര്‍ ഹുസൈന്‍റെ വീട്ടില്‍ നിന്നും പുറപ്പെട്ട സംഘമാണ് അന്‍കിതിനെ വധിച്ചതെന്നും കപില്‍ മിശ്ര ആരോപിക്കുന്നു. 

ഐബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദില്ലി ഹൈക്കോടതിയും ആശങ്ക രേഖപ്പെടുത്തി. കലാപം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഐബി ഓഫീസറുടെ മരണവും പരാമര്‍ശിച്ചത്. സംഭവം വളരെ നിര്‍ഭാഗ്യകരമാണെന്നും ദില്ലി സര്‍ക്കാരിലേയും കേന്ദ്രസര്‍ക്കാരിലേയും ഉദ്യോഗസ്ഥര്‍ ഐബി ഉദ്യോഗസ്ഥന്‍റെ വീട്ടിലെത്തി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്യണമെന്നും ദില്ലി ഹൈക്കോടതി നിര്‍ദേശിച്ചു. 

മൂന്നാം ദിവസവും തുടരുന്ന ദില്ലി കലാപത്തില്‍ ഇതുവരെ 20 പേരാണ് കൊല്ലപ്പെട്ടത്. ഇരുന്നൂറോളം പേര്‍ക്ക് കലാപത്തില്‍ പരിക്കേറ്റു. വടക്കുകിഴക്കന്‍ ദില്ലിയിലെ ചാന്ദ് ബാഗ്, ബഹജന്‍പുര,ഗോകുല്‍പുരി, മൗജ്‍പുര്‍,കര്‍ദാംപുരി, ജഫ്രാബാദ് എന്നിവടിങ്ങളിലാണ് കലാപമുണ്ടായത്. 

click me!