
ചെന്നൈ: ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരണമെന്ന് ബിജെപിയെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കിൽ ദില്ലിയിലെ മുതിർന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിൻ പറഞ്ഞു.
അതേസമയം, ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടുമോ എന്ന് ഇന്നറിയാം. ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാണമെന്ന അപേക്ഷയും പരിഗണിക്കും.
മന്ത്രിയുടെ ജീവൻ അപകടത്തിലാണെന്നും, അറസ്റ്റ് ചെയ്ത രീതി മനുഷ്യാവകാശ ലംഘനം ആണെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു. എന്നാൽ സർക്കാർ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോർട്ട് വിശ്വസനീയമല്ലെന്നും, സ്വതന്ത്ര മെഡിക്കല്‍ ബോർഡ് രൂപീകരിക്കണമെന്നുമാണ് ഇഡിയുടെ വാദം. 17 മണിക്കൂർ നീണ്ട പരിശോധനക്ക് ശേഷം, ഇന്നലെ പുലർച്ചെയാണ് തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രിയായ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് മന്ത്രിയുടെ അറസ്റ്റ്. മന്ത്രിയുടെ ഹൃദയ ധമനിയിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്ന മെഡിക്കല്‍ റിപ്പോർട്ട് ആശുപത്രി പുറത്ത് വിട്ടിരുന്നു.
സെന്തിൽ ബാലാജിക്ക് 3 ബ്ലോക്കുകളിൽ രണ്ടെണ്ണം ഗുരുതരം; അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ
മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്നാട് സർക്കാർ സിബിഐക്കുള്ള പൊതുസമ്മതം പിൻവലിച്ചു. സംസ്ഥാന സർക്കാരിന്റെ അനുമതിയോ കോടതി നിർദ്ദേശമോ ഇല്ലാതെ ഇനി സിബിഐക്ക് സംസ്ഥാനത്ത് കേസ് എടുക്കാനാകില്ല. കേരളം അടക്കം 10 സംസ്ഥാനങ്ങൾ നേരത്തെ തന്നെ സിബിഐക്ക് നേരിട്ട് കേസെടുക്കാനുള്ള അനുമതി പിൻവലിച്ചിരുന്നു. തമിഴ്നാട്ടിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതൽ അന്വേഷണ ഇടപെടലുകൾ ഉണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സിബിഐക്കുള്ള പൊതുസമ്മതം പിൻവലിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam