അമിത് ഷായുടെ റാലിയിലെ കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘനത്തില്‍ എഫ്ഐആര്‍ ഇല്ലാത്തതെന്ത്; പൊലീസിനോട് കോടതി

By Web TeamFirst Published May 26, 2021, 5:48 PM IST
Highlights

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടിരുന്നു. മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് ആളുകള്‍ റാലിയില്‍ പങ്കെടുത്തത്. 

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി അമിത് ഷാ പങ്കെടുത്ത റാലിയില്‍ നടന്ന കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘനങ്ങളില്‍ എഫ്ഐആര്‍ ഇല്ലാത്തതെന്താണെന്ന് കോടതി. ജനുവരി 17ന് ബെലഗാവിയില്‍ വച്ച് നടന്ന സമ്മേളനത്തേക്കുറിച്ചാണ് കര്‍ണാടക ഹൈക്കോടതിയുടെ ചോദ്യം. എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്ന് ബെലഗാവി സിറ്റി പൊലീസ് കമ്മീഷണറോടാണ് കോടതിയുടെ ചോദ്യം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കാത്തതിലാണ് പൊലീസിന് കോടതിയുടെ വിമര്‍ശനം.

മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് ആളുകള്‍ റാലിയില്‍ പങ്കെടുത്തത്. അഭയ് ശ്രീനിവാസ് ഓഖ ചീഫ് ജസ്റ്റിസും സൂരജ് ഗോവിന്ദരാജ് ജസ്റ്റിസുമായ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ചോദ്യം. ബെലഗാവി പൊലീസ് കമ്മീഷണര്‍ക്ക് കര്‍ണാടക മഹാമാരി ആക്ട് 2020യിലെ വ്യവസ്ഥകളേക്കുറിച്ച് അറിവില്ലേയെന്നാണ് കോടതി ചോദിച്ചത്. ഇത്തരം നിയമലംഘനങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ജനുവരി 17ന് റാലിയില്‍ നടന്ന കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് സ്വീകരിച്ച നടപടിയേക്കുറിച്ചുള്ള സത്യവാങ്മൂലത്തിലാണ് കോടതിയുടെ വിമര്‍ശനം.

ദേശീയ മനുഷ്യാവകാശ സംരക്ഷണ, അഴിമതി, കുറ്റകൃത്യ നിയന്ത്രണ കമ്മീഷന്‍ ട്രസ്റ്റിന്‍റെ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് പൊലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം എത്തുന്നത്. വളരെ സാധാരണ സംഭവമെന്ന പോലെയാണ് പൊലീസ് കമ്മീഷണര്‍ പെരുമാറിയതെന്നും പുറത്തുവന്ന ചിത്രങ്ങളിലുള്ളവരില്‍ നിന്നായി 20900 രൂപ പിഴയും ശേഖരിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും കോടതി കുറ്റപ്പെടുത്തി. ജൂണ്‍ 3നകം പുതിയ സത്യവാങ്മൂലം നല്‍കാനാണ് കോടതി പൊലീസ് കമ്മീഷണറോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!