
ബെംഗളൂരു: ശരിയായ രേഖകളില്ലാതെ സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബംഗളൂരു പൊലീസ്. ഇത്തരം ഇടപാടുകൾ സാമ്പത്തികമായും നിയമപരമായും പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് മുന്നറിയിപ്പ് നൽകി. രേഖകളില്ലാത്ത ഫോണുകൾ വാങ്ങുന്നവർക്ക് പണവും ഉപകരണവും ഒരുപോലെ നഷ്ടപ്പെടും. പണം മോഷ്ടാക്കൾക്ക് പോവുകയും, മോഷ്ടിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞാൽ ഫോണുകൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്യുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
കഴിഞ്ഞ ഒന്നര മാസമായി നഗരത്തിൽ നടത്തിയ പ്രത്യേക പരിശോധനയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു കമ്മീഷണർ. ഈ കാലയളവിൽ ബെംഗളൂരുവിൽ മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ 3.02 കോടി രൂപ വിലമതിക്കുന്ന 1,950 മൊബൈൽ ഫോണുകളാണ് സിറ്റി പൊലീസ് വീണ്ടെടുത്തത്. സെൻട്രൽ എക്യുപ്‌മെന്‍റ് ഐഡന്‍റിറ്റി രജിസ്റ്റർ (CEIR) പോർട്ടൽ ഉപയോഗിച്ച് കമാൻഡ് സെന്‍ററിലെ ഉദ്യോഗസ്ഥർ മൊത്തം 895 മോഷണം പോയതും നഷ്ടപ്പെട്ടതുമായ മൊബൈൽ ഫോണുകൾ ട്രാക്ക് ചെയ്തതായി പറഞ്ഞു.
ഐഎംഇഐ നമ്പറുകൾ ഉപയോഗിച്ച് ഉപകരണങ്ങൾ ട്രാക്ക് ചെയ്യാൻ ഈ പോർട്ടൽ സഹായിക്കും. 2024 മാർച്ച് മുതൽ കർണാടക സ്റ്റേറ്റ് പൊലീസ് ആപ്പ് വഴി ലഭിച്ച പരാതികളുടെയും വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് കേസുകൾ അന്വേഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ ഫോണിന്‍റെ ഐഎംഇഐ നമ്പർ സിഇഐആർ പോർട്ടലിൽ അപ്‌ലോഡ് ചെയ്താൽ, ഏതെങ്കിലും സിം കാർഡ് ഉപയോഗിച്ച് ഉപകരണം ഓൺ ചെയ്യുമ്പോൾ ഒരു അലേർട്ട് ലഭിക്കും.
ഇത് ഉപയോഗിച്ച് ഉപയോക്താവിനെ കണ്ടെത്തി ഹാൻഡ്‌സെറ്റ് വീണ്ടെടുക്കാൻ പൊലീസിന് കഴിയും. പിടിയിലായവരിൽ ഭൂരിഭാഗം പേരും സെക്കൻഡ് ഹാൻഡ് വിൽപ്പനക്കാരിൽ നിന്ന് മോഷ്ടിച്ച ഫോണുകൾ അറിയാതെ വാങ്ങിയവരാണെന്ന് അധികൃതർ അറിയിച്ചു. ട്രാക്ക് ചെയ്ത ഫോണുകളിൽ 765 എണ്ണം ബെംഗളൂരുവിൽ നിന്നാണ് വീണ്ടെടുത്തത്.
ഫോൺ വാങ്ങുമ്പോൾ മോഷണ മുതൽ അല്ല എന്ന് ഉറപ്പാക്കണം. മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുമുണ്ട്. ഫോണുകളുമായി പൊലീസ് സ്റ്റേഷനിൽ എത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ബസുകളിലും തിരക്കുള്ള സ്ഥലങ്ങളിലും ബഹളം സൃഷ്ടിച്ചാണ് മോഷണം നടക്കുന്നതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കവർന്ന ഫോണുകൾ അലുമിനിയം ഫോയിൽ കൊണ്ട് പൊതിയും. ഇതോടെ നെറ്റ്‌വർക്ക് ജാം ആകുമെന്നും പൊലീസ് മുന്നറിയിപ്പിൽ പറയുന്നു.