കേന്ദ്ര-സംസ്ഥാന ബന്ധം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് സമിതിയെ വിജയ് സർക്കാർ പിരിച്ചുവിട്ടു. സംസ്ഥാന നിയമ കമ്മീഷന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ പ്രത്യേക സമിതി ആവശ്യമില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി
ചെന്നൈ: കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് സമിതിയെ തമിഴ്നാട്ടിലെ വിജയ് സർക്കാർ പിരിച്ചുവിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗിക വിജ്ഞാപനമിറക്കി. കേന്ദ്ര - സംസ്ഥാന ബന്ധങ്ങൾ സംസ്ഥാന നിയമ കമ്മീഷന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും ഇതിനായി പ്രത്യേക സമിതിയുടെ ആവശ്യമില്ലെന്നുമാണ് സർക്കാരിന്റെ വിശദീകരണം. കേന്ദ്ര സർക്കാരുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായിരുന്ന 2025 ഏപ്രിലിലാണ് അന്നത്തെ സ്റ്റാലിൻ സർക്കാർ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്. കേന്ദ്രത്തിലെ ബി ജെ പി സർക്കാരിനോട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് മൃദുസമീപനമാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് പുതിയ നടപടി. സമിതി ആദ്യ ഘട്ട റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. നിർണായകമായ രണ്ടാമത്തെ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് സമിതി പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
വിമർശിച്ച് കോൺഗ്രസ്
അതേസമയം ജസ്റ്റിസ് കുര്യൻ ജോസഫ് സമിതിയെ പിരിച്ചുവിട്ട തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. വിജയ് സർക്കാരിന്റെ നടപടി തെറ്റാണെന്ന് കോൺഗ്രസ് എം പി ജ്യോതിമണി പ്രതികരിച്ചു. സംസ്ഥാനങ്ങളുടെ അവകാശങ്ങളും ഫെഡറൽ തത്വങ്ങളും രാഷ്ട്രീയ പാർട്ടികൾക്ക് അതീതമായ വിഷയമാണെന്നും സമിതിയുടെ ആദ്യ റിപ്പോർട്ട് ദേശീയ തലത്തിൽ വലിയ ചർച്ചയാക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത് വിഘടനവാദത്തിനുള്ള ആഹ്വാനമല്ലെന്നും അത് ഇന്ത്യയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ജ്യോതിമണി വ്യക്തമാക്കി.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക













